ഓർമയിലെ ഇന്ന്, ജൂൺ 21, സംഗീത സംവിധാകൻ ആർ കെ ശേഖർ

At Malayalam
3 Min Read

മലയാള സിനിമയ്ക്ക് മനോഹര ഗാനങ്ങൾ സമ്മാനിച്ച…. സംഗീത സംവിധായകൻ – മ്യൂസിക് കണ്ടക്ടർ – അറേയ്ഞ്ചർ എന്നീ നിലകളിൽ പ്രശസ്തനായ രാജഗോപാല കുലശേഖർ എന്ന ആർ കെ ശേഖർ. ഒരുപക്ഷേ ഇന്നത്തെ തലമുറ ആർ.കെ.ശേഖറിനെ അറിയണമെങ്കിൽ എ.ആർ. റഹ്‌മാന്റെ പിതാവെന്ന് പരിചയപ്പെടുത്തേണ്ടിവരും.

തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് തിരുവള്ളൂരിൽ കീഴാനൂരാണ് ശേഖർ ജനിച്ചത്. മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്നു ശേഖറിന്റെ അച്ഛൻ.

ഹാര്‍മോണിയവും കീബോര്‍ഡും നന്നായി കൈകാര്യം ചെയ്തിരുന്ന ശേഖര്‍ മലയാള നാടകങ്ങൾക്ക് സംഗീതം പകർന്നുകൊണ്ടാണ് തന്റെ കരിയർ ആരംഭിയ്ക്കുന്നത്. സിനിമയില്‍ എല്ലാവരുമായി നല്ല ബന്ധമുണ്ടായിരുന്ന ശേഖർ ക്രമേണ സിനിമയിലെ മ്യൂസിക് കണ്ടക്ടറും അറേഞ്ചറുമായതോടെ ദേവരാജൻ, ദക്ഷിണാമൂർത്തി, എം കെ അർജ്ജുനൻ, എ ടി ഉമ്മർ തുടങ്ങിയ ദക്ഷിണേന്ത്യയിലെ മിക്ക സംഗീത സംവിധായകരുടെയും ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സഹോദരതുല്യ ബന്ധമുണ്ടായിരുന്ന അര്‍ജുനന്‍ മാസ്റ്ററുടെ ഒട്ടേറെ ഗാനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കി ശേഖർ.

1964 ൽ പഴശ്ശിരാജ എന്ന ചിത്രത്തിൽ യേശുദാസ് തൻ്റെ 24-ാമത്തെ വയസ്സിൽ പാടിയ ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി ദുഃഖത്തിൻ കണ്ണീർ പന്തലിൽ നിൽക്കുന്നവരെ….. എന്ന ഗാനത്തിന് സംഗീതം നൽകി സംഗീത സംവിധ രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് കുഞ്ചാക്കോ സംവിധാനം ചെയ്‌ത് സത്യനും പ്രേംനസീറും അഭിനയിച്ച ആയിഷ എന്ന ചിത്രത്തിലെ
ശോകാന്ത ജീവിതനാടക വേദിയിൽ… (യേശുദാസ്),
യാത്രക്കാരാ പോവുക പോവുക… (പി ബി ശ്രീനിവാസ്),
മുത്താണേ എന്റെ മുത്താണേ… (എ എം രാജ, പി സുശീല) എന്നിങ്ങനെ ശ്രദ്ധേയമായ ധാരാളം ഗാനങ്ങളിലൂടെ മുന്നോട്ട്.

- Advertisement -

ഇതിനുശേഷം ശേഖറിന്റെ സംഗീത സംവിധാനത്തിൽ ഒരു ചിത്രം പുറത്തിറങ്ങാൻ ഏഴുവർഷം വേണ്ടി വന്നു. ഗാനങ്ങൾക്ക് ഈണം നൽകുന്നതിനേക്കാൾ മറ്റുള്ളവരുടെ ഗാനങ്ങൾക്ക് ഓർക്കസ്‌ട്രേഷൻ ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാകാം അദ്ദേഹം സംഗീതം പകർന്ന ചിത്രങ്ങളുടെ എണ്ണം ചുരുങ്ങിപ്പോയത്. പാട്ടുകൾക്ക് ഈണം നൽകാൻ തന്നെ സമീപിച്ചവരോട് എം കെ അർജുനനെപോലുള്ളവരുടെ പേര് നിർദേശിച്ചു ശേഖർ.

ചീനവലയിലെ തളിർവലയോ താമരവലയോ…. എന്ന ഗാനം ശേഖർ നിർദേശിച്ചതനുസരിച്ചാണ് തന്നെ തേടിയെത്തിയതെന്ന് എം കെ അർജുനൻ വെളിപ്പെടുത്തിയിട്ടുണ്ട്. കുഞ്ചാക്കോയുടെ പഴശ്ശിരാജ, ആയിഷ, പി ഭാസ്‌കരന്റെ ആറടി മണ്ണിന്റെ ജന്മി, ശശികുമാറിന്റെ തിരുവാഭരണം എന്നി ചിത്രങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റു ചിത്രങ്ങളെല്ലാം സംവിധാനം ചെയ്‌തത് ശ്രദ്ധേയരായ സംവിധായകരായിരുന്നില്ല എന്നതും ശേഖറിന് അർഹിക്കുന്ന ശ്രദ്ധ ലഭിക്കാതിരിക്കാൻ കാരണമായി. ക്രോസ്ബെൽറ്റ് മണിയാണ് അദ്ദേഹത്തിന് ഏറ്റവുമധികം അവസരങ്ങൾ നൽകിയ സംവിധായകൻ. 1971- 76 കാലത്ത്‌ 22 ചിത്രങ്ങൾക്ക് ശേഖർ സംഗീതം പകർന്നപ്പോൾ ആ ചിത്രങ്ങളിലെ ഗാനങ്ങളിൽ പലതും അക്കാലത്ത് സൂപ്പർ ഹിറ്റുകളായിരുന്നു.

സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു…. (അനാഥശിൽപ്പങ്ങൾ),
ഉഷസോ സന്ധ്യയോ സുന്ദരി….(സുമംഗലി),
ആരോരുമില്ലാത്ത തെണ്ടി…,
ഇന്നലെ രാവിലൊരു കൈരവ മലരിനെ…(ആറടി മണ്ണിന്റെ ജന്മി),
വാർമുടിയിൽ ഒറ്റപനിനീർ…,
ജന്മബന്ധങ്ങൾ വെറും ജലരേഖകൾ.. (വെളിച്ചം അകലെ), താരകേശ്വരീ….. (പട്ടാഭിഷേകം),
ആഷാഢമാസം ആത്മാവിൽ മോഹം… (യുദ്ധഭൂമി),
മനസ്സുമനസ്സിന്റെ കാതിൽ… (ചോറ്റാനിക്കര അമ്മ) ഉൾപ്പെടെ ഓർമയിൽ തങ്ങിനിൽക്കുന്ന പാട്ടുകൾ നിരവധിയാണ്.

മിസ് മേരിയിൽ ശ്രീകുമാരൻ തമ്പി രചിച്ച് ശേഖർ ഈണം പകർന്ന നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം…. എന്ന ഗാനം മികച്ച ക്രിസ്‌തയെ ഭക്തിഗാനമായി മാറി.
ആർ കെ ശേഖർ ഏറെ പ്രോത്സാഹിപ്പിച്ച മറ്റൊരു ഗായകനാണ് കെ പി ബ്രഹ്മാനന്ദൻ. 11 പാട്ടുകൾ ബ്രഹ്മാനന്ദനെ കൊണ്ട് പാടിച്ചു. വിശ്രമമില്ലാത്ത യാത്രയും രാപ്പകൽ ഭേദമില്ലാത്ത ജോലിയും ശേഖറിന്റെ ആരോഗ്യം തകർത്തു. ഭാര്യയേയും പറക്കമുറ്റാത്ത മക്കളേയും തനിച്ചാക്കി 43-ാം വയസിൽ അദ്ദേഹം വിടവാങ്ങിയപ്പോൾ ഒരു കാലത്ത് ശേഖർ വഴികാട്ടിയവരിൽ പലരും നിരാലംബരായ ആ കുടുംബത്തെ തിരിഞ്ഞുനോക്കിയതുപോലുമില്ല. എം കെ അർജുനൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ മാത്രമാണ് ഇതിനപവാദമായത്.

ഗാനങ്ങളെക്കാൾ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത് ശേഖറിന്റെ പാട്ടുകളുടെ പശ്ചാത്തല സംഗീതമായിരുന്നു. 1977 ൽ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ യായിരുന്നു ശേഖർ സംഗീതസംവിധാനം ചെയ്ത അവസാന സിനിമ. സിനിമ റിലീസായ 1977 സെപ്തംബർ 30 നായിരുന്നു ശേഖർ അന്തരിച്ചതും.

- Advertisement -

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴുള്ള ശേഖറിന്റെ അപ്രതീക്ഷിത മരണം കുടുംബത്തിന്റെ സ്ഥിതി മോശമാക്കി. ജീവിതം ഭദ്രമാക്കാൻ വേണ്ടി ഒരു സൂഫിയുടെ നിർദ്ദേശപ്രകാരം ശേഖറിന്റെ ഭാര്യയും നാലു മക്കളും പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു
പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാൻ ശേഖറിന്റെ മകനാണ്. ഗായികയും സംഗീത സംവിധായികയുമായ എ ആർ റയ്ഹാന മകളും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment