പശ്ചിമ ബംഗാൾ രാജ് ഭവനിൽ താൻ അരക്ഷിതനെന്ന് ഗവർണർ സി വി ആനന്ദ ബോസ്. തനിക്കിവിടെ സുരക്ഷാ ഭീഷണിയുണ്ടെന്നും ഗവർണർ. രാജ്ഭവനിലെ ബംഗാൾ പൊലിസിൻ്റെ സാന്നിധ്യം തനിക്ക് ആശങ്കയുളവാക്കുന്നതാണന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്ക് താൻ അറിയിപ്പു നൽകിയിട്ടും സ്ഥിതിഗതികൾക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും രാജ്ഭവനിൽ സുരക്ഷക്കായി ഇപ്പോഴും സംസ്ഥാന പൊലീസ് തന്നെയാണ് നിൽക്കുന്നതെന്നും ബോസ് പറയുന്നു. തൻ്റെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ കീഴിലുള്ള അംഗങ്ങളും തനിക്ക് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നവരാണെന്ന് കരുതാൻ നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം ആവർത്തിക്കുന്നു.
ബംഗാൾ പൊലീസ് രാജ് ഭവൻ വിട്ടു പോകണമെന്ന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഗവർണർ ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി ഉണ്ടായ സംഘട്ടനത്തിൽ പരിക്കു പറ്റിയ ബി ജെ പി നേതാക്കളും പ്രവർത്തകരും ഗവർണറെ കാണാനായി രാജ് ഭവനിലേക്ക് വന്നിരുന്നു. ഗവർണർ അവർക്ക് മുൻകൂറായി രാജ്ഭവൻ സന്ദർശനാനുമതിയും നൽകിയിരുന്നു. എന്നാൽ പൊലിസ് അവരെ രാജ് ഭവനുള്ളിലേക്ക് കടത്തി വിടാതെ മടക്കി അയച്ചിരുന്നു. ഇതാണ് ഗവർണറെ വീണ്ടും പ്രകോപിപ്പിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു.