സപ്ലൈകോ പോലെ സാധാരണ ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സ്ഥാപനത്തിൽ ഉപ്പു പോലും കിട്ടാതായതും വാർധക്യത്തിലെ ആശ്രയമായിക്കണ്ട ക്ഷേമ പെൻഷൻ മുടക്കിയതുമൊക്കെ സർക്കാരിനു വൻ തിരിച്ചടിയായതായും തെരഞ്ഞെടുപ്പിൽ അത് അതിശക്തമായി പ്രതിഫലിച്ചതായും രണ്ടു ദിവസമായി നടന്നു വരുന്ന സി പി എം സംസ്ഥാന സമിതിയിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. മൈക്രോ ഫോണിനോടുപോലും മുഖ്യമന്ത്രി കാട്ടുന്ന അസഹിഷ്ണുത നാട്ടുകാർ കണ്ടു കൊണ്ടിരിക്കുകയാണെന്നുള്ള ബോധമെങ്കിലും ബന്ധപ്പെട്ടവർക്ക് ഉണ്ടാകേണ്ടതായിരുന്നെന്നും ആക്ഷേപമുയർന്നു.
പാർട്ടിയിലെ വളരെ മുതിർന്ന നേതാക്കളടക്കമുള്ളവർ, മന്ത്രിമാർ തുടങ്ങിയവരുടേതടക്കമുള്ള പെരുമാറ്റ രീതികളും സമീപനവും സാധാരണക്കാരെ പാർട്ടിയിൽ നിന്നും അകറ്റിയതായും അംഗങ്ങൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും 19 നിഴലുകളും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതെങ്ങനെയെന്ന് പരിശോധിക്കണമെന്നും വിമർശനമുയർന്നു.
ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സർക്കാർ മിക്ക മേഖലകളിലും അമ്പേ പരാജയമായിപ്പോയി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സമീപനവും ശൈലിയും മാറ്റിയേ മതിയാകു. ഇല്ലെങ്കിൽ സംസ്ഥാനത്ത് പാർട്ടി കനത്ത വില നൽകേണ്ടി വരും. ഖജനാവിൽ പണമില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ വമ്പൻ തുകകൾ ചെലവഴിച്ച് കേരളീയം, നവകേരള സദസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചത് എന്തിനാണെന്ന് അംഗങ്ങൾ ചോദിച്ചു. ഇത്തരം പരിപാടികൾ കൊണ്ട് സർക്കാരിനോ പൊതുജനങ്ങൾക്കോ പാർട്ടിക്കോ എന്തെങ്കിലും ഗുണമുണ്ടായോ എന്നു വിലയിരുത്തിയിട്ടുണ്ടോ എന്നും വിമർശനം ഉയർന്നു. ഇതൊക്കെ ജനങ്ങൾക്കിടയിൽ സർക്കാരിനും പാർട്ടിക്കും വലിയ അവമതിയുണ്ടാക്കുകയും ചെയ്തു.
തെറ്റു തിരുത്തൽ മാർഗരേഖക്ക് ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് അന്തിമ രൂപം നൽകും. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നുവന്ന വിമർശനങ്ങളും കൂടി പരിഗണിച്ചാവും മാർഗരേഖക്ക് അന്തിമ രൂപം നൽകുക. പാർട്ടിയെ സംബന്ധിച്ചുള്ള വിമർശനങ്ങൾക്കും നിർദേശങ്ങൾക്കും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും സർക്കാരിനെ സംബന്ധിച്ചുള്ളവക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് മറുപടി പറയും.