കേരളത്തെക്കുറിച്ചു മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വലിയ ഉത്തരവാദിത്തമാണ് തനിക്ക് നല്‍കിയിട്ടുള്ളത്. ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ജനങ്ങളുടെ പിന്തുണയാണ് നരേന്ദ്രമോദി സര്‍ക്കാരില്‍ അംഗമാകാന്‍ കാരണമായത്. നിരവധി ക്ഷേത്രങ്ങളുമായും ഒരുപാട് ആളുകളുമായും ബന്ധമുണ്ട്. അതൊന്നും മുറിച്ചുകളയാനാകില്ല. എല്ലാവരുടേയും പിന്തുണ തേടാനാണ് താന്‍ സംസ്ഥാനത്ത് വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
കോഴിക്കോട് തളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വിവരദോഷി എന്നു വിളിച്ചതില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. അത് മുഖ്യമന്ത്രിയുടെ നാവാണ്, അദ്ദേഹത്തിന്റെ ചിന്തയാണ്. അതിനെ ചോദ്യം ചെയ്യാനോ ഖണ്ഡിക്കാനോ ഞാനില്ല. അവരെല്ലാം ഒരു പാര്‍ട്ടിയല്ലേ. അവര്‍ സെറ്റില്‍ ചെയ്‌തോളുമെന്നും സുരേഷ് ഗോപി പറഞ്ഞു.