താൻ ധർമ സങ്കടത്തിലെന്ന് രാഹുൽ ഗാന്ധി

At Malayalam
1 Min Read

താൻ കടുത്ത ധർമ സംഘടത്തിലാണെന്ന് കോൺഗ്രസ് നേതാവും വയനാട്, റായ്ബറേലി മണ്ഡലങ്ങളിലെ പാർലമെൻ്റംഗവുമായ രാഹുൽ ഗാന്ധി. ഏറെ പ്രിയപ്പെട്ട ഏതെങ്കിലും ഒന്ന് ഉടൻ ഉപേക്ഷിച്ചേ മതിയാവൂ. അത് വയനാടാണോ റായ്ബറേലിയാണോ എന്ന് തീരുമാനിക്കാൻ തനിക്കാവുന്നില്ല. ഇതിനാലാണ് താൻ മാനസിക സംഘർഷം അനുഭവിക്കുന്നതെന്നും വയനാട് മണ്ഡലത്തിലെ എടവണ്ണയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ നടത്തിയത്. ഭരണഘടനയെ തൊട്ടുകളിച്ച ധാർഷ്ട്യത്തെ രാജ്യത്തെ ജനങ്ങൾ വിനയത്തോടെ പാഠം പഠിപ്പിച്ചു. തനിക്ക് ദൈവമാണ് വേണ്ട സമയത്ത് ഉപദേശം നൽകുന്നതെന്നാണ് പ്രധാന മന്ത്രി പറയുന്നത്. തനിക്ക് അത്തരത്തിലുള്ള വിശേഷ സിദ്ധികളൊന്നുമില്ല. താനൊരു സാധാരണക്കാരനാണ്, ജനങ്ങളാണ് തൻ്റെ ദൈവമെന്നും രാഹുൽ ഗാന്ധി. അതിനാൽ വയനാട്ടിലേയും റായ്ബറേലിയിലേയും ജനങ്ങൾ, താൻ എന്തു തീരുമാനമെടുത്താലും തനിക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുണ്ടന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട്ടിൽ നിന്ന് എം പി യായിരുന്ന രാഹുൽ ഗാന്ധി ഇത്തവണ വയനാടിനു പുറമേ ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. രണ്ടു മണ്ഡലങ്ങളിൽ നിന്നും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. അതേസമയം വയനാട് രാഹുൽ ഗാന്ധി നിലനിർത്തുമെന്നാണ് പ്രതീക്ഷ എന്ന് വയനാട്ടിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു.

Share This Article
Leave a comment