പാർട്ടി ഏതായാലും അതിൻ്റെ നേതൃത്വം ഏറെ പ്രധാനപ്പെട്ടതാണെന്ന് മുൻമന്ത്രിയും സി പി എം നേതാവുമായ ജി സുധാകരൻ. ബി ജെ പി ക്കുള്ള ഗുണമതാണന്നും ശക്തനായ നേതാവായ നരേന്ദ്ര മോദിയാണ് ബി ജെ പി യുടെ കരുത്തെന്നും സുധാകരൻ പറയുന്നു. ബി ജെ പി ഭരണത്തിൽ കോൺഗ്രസ് ഭരണകാലത്തെപ്പോലെയുള്ള അഴിമതികൾ ഇല്ലെന്നും ജി സുധാകരൻ ഒരു ദൃശ്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒന്നാം പിണറായി വിജയൻ സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പുകളും മന്ത്രിമാരും മികച്ചതായിരുന്നു. അന്നത്തെ ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് നേരിട്ടറിവുള്ളതുമാണ്. അതു കൊണ്ടാണ് വീണ്ടും ഇടതു സർക്കാർ വന്നത്. എന്നാൽ ഒന്നാം സർക്കാരിൻ്റെ നേട്ടങ്ങൾ ഇപ്പോഴത്തെ എം എൽ എമാർ എങ്ങും പറയുന്നതായി താൻ കേട്ടിട്ടില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
കെ കെ ശൈലജയെ എവിടെ കൊണ്ട് നിർത്തിയാലും ജയിക്കുമെന്ന് ആരാണ് ഉപദേശിച്ചതെന്നും സുധാകരൻ ചോദിക്കുന്നു. കുറേ മാധ്യമങ്ങൾ അങ്ങനെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, താൻ അങ്ങനെ കരുതുന്നതേയില്ല. രണ്ടാം പിണറായി വിജയൻ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ആലപ്പുഴയിലെ പ്രധാനപ്പെട്ട പല മണ്ഡലങ്ങളിലും വ്യാപകമായ വോട്ടു ചോർച്ചയുണ്ടായി. ഇങ്ങനെ ഒന്ന് പാർട്ടിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കുമെന്നും സുധാകരൻ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐ യിൽ നിന്നുൾപ്പെടെ ഒളിഞ്ഞും തെളിഞ്ഞും നേതൃസ്ഥാനത്തിൻ്റെ പേരിൽ വിമർശനങ്ങൾ ഉണ്ടാകുമ്പോൾ ഏത് പാർട്ടിയുടേയും നേതൃത്വം പ്രധാനമാണെന്ന് പറയുന്ന ജി സുധാകരൻ്റെ വാക്കുകൾ വരും ദിവസങ്ങളിൽ ചർച്ചയായേക്കും.