എം വി ഐ യെ പരിശോധനക്കിടെ തട്ടിക്കൊണ്ടു പോയി, പിന്നെ ഇറക്കിവിട്ടു

At Malayalam
1 Min Read

വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ അതേ വണ്ടിയിൽ തട്ടിക്കൊണ്ടു പോയ യുവാവ് പൊലിസ് പിടിയിലായി. കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ ചെക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് സംഭവം.

ചെക്ക് പോസ്റ്റു വഴി വന്ന കോഴിക്കോട് സ്വദേശി യാസർ അറഫാത്തിൻ്റെ വണ്ടിക്കും ഉദ്യോഗസ്ഥർ കൈകാണിച്ചു. വണ്ടി നിർത്തിയ ഉടൻ മോട്ടോർ വാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ തുടങ്ങി. ഒരാൾ വണ്ടിയുടെ അകത്തു കയറിയും മറ്റൊരാൾ വണ്ടിയുടെ പിന്നിലുമായാണ് പരിശോധന നടത്തിയത്.

പരിശോധനക്കിടെ പുറത്തിറങ്ങിയ യാസർ അറഫാത്ത് പിന്നിൽ നിന്നു പരിശോധന തുടർന്ന ഉദ്യോഗസ്ഥനെ തള്ളി മാറ്റിയിട്ട് അകത്തിരുന്നു പരിശോധിക്കുകയായിരുന്ന ഉദ്യോഗസ്ഥനുമായി അമിതവേഗത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു പോവുകയായിരുന്നു. പിന്നാലെ മറ്റുദ്യോഗസ്ഥർ ഓടിച്ചെന്നെങ്കിലും അമിത വേഗത്തിലായിരുന്ന വാഹനം തടയാനായില്ല.

- Advertisement -

നാലു കിലോമീറ്ററോളം ഉദ്യോഗസ്ഥനുമായി യാസർ അറാഫത്ത് അമിത വേഗതയിൽ വാഹനമോടിച്ച് പോയി. കുറച്ചു കഴിഞ്ഞ് വാഹനത്തിൽ നിന്ന് ഉദ്യാഗസ്ഥനെ പുറത്തിറക്കി വിടുകയും ചെയ്തു. പിന്നാലെ, അന്വേഷണം നടത്തി പ്രതി മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുണ്ടെന്ന് മനസിലാക്കിയ പൊലിസ് അവിടെ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് യാസർ അറഫാത്തെന്നും മയക്കുമരുന്നു കച്ചവടത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും പൊലിസ് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment