ഓർമയിലെ ഇന്ന്, ജൂൺ 2, ഇളയരാജ

At Malayalam
4 Min Read



ഇന്ത്യന്‍ സിനിമാ സംഗീതലോകത്ത്​ സമാനതകളില്ലാത്ത ഇടം സ്വന്തമാക്കിയ ഇസൈജ്ഞാനി ഇളയരാജ. കടുത്ത ശാസ്ത്രീയ സംഗീതത്തിന്‍റെ കാഠിന്യത്തിൽ നിന്നും ദക്ഷിണേന്ത്യന്‍ സിനിമാപാട്ടുകളെ നാടോടി ഈണത്തിന്‍റെ മധുരത്തിലേക്കു നയിച്ചാണ്​ ഇളയരാജ ആസ്വാദക മനസുകളിൽ ഇടംനേടിയത്​. തമിഴ് നാടന്‍പാട്ടുകളുടെ സുവർണ ശേഖരത്തിൽ നിന്നുള്ള ശീലുകളിൽ പാശ്ചാത്യ സംഗീതത്തിന്റെ താളവും ലയവും വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള പുതുപുത്തന്‍ ശൈലിയിലൂടെ ഇളയരാജ തമിഴ് സിനിമാലോകത്തി​​​​​ന്റെ പ്രിയങ്കരനായി. ദക്ഷിണേന്ത്യന്‍ ജീവിതങ്ങളുടെ ആത്മാവ്​ തുളുമ്പുന്ന ഈണങ്ങളെ തമിഴകത്തോടൊപ്പം കേരളവും തെലുങ്കരും അഭിമാനത്തോടെ ഏറ്റുപാടുകയും ചെയ്​തു.

എഴുപതുകളുടെ തുടക്കം മുതല്‍ തമിഴ് സിനിമാ സംഗീത രംഗത്ത് സജീവ സാന്നിദ്ധ്യമായ ഇളയരാജ ‘മണ്ണിന്‍റെ മണമുള്ള ഈണങ്ങള്‍’ കൊണ്ട് തമിഴ് സിനിമയെ സമ്പുഷ്ടമാക്കി. അനേകം ഗായികാ – ഗായകന്മാരുടെ നാദത്തേയും സംവിധായകരുടെ ഭാവനാ സ്വപ്നങ്ങളേയും തന്‍റെ ഗാനങ്ങളോട് ചേര്‍ത്ത് മെലഡിയുടെ പുതുഭാവുകത്വത്തിലേക്ക്‌ ചലച്ചിത്ര ഗാനശാഖയെ കൈപിടിച്ചുയർത്തിയ സംഗീത സംവിധായകൻ.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി അയ്യായിരത്തോളം ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 1943 ജൂൺ 2 ന് തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ പണ്ണയപുരം എന്ന ഗ്രാമത്തില്‍ ഡാനിയൽ രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായി ജനിച്ച ഡാനിയല്‍ രാസയ്യ കടന്നുവന്ന വഴികൾ എളുപ്പമായിരുന്നില്ല. ജ്ഞാനദേശികൻ എന്നതായിരുന്നു യഥാർത്ഥ പേര്. സ്കൂൾ വിദ്യാഭ്യാസ സമയത്ത് പിതാവ് ജ്ഞാനദേശികൻ എന്ന പേരു മാറ്റി രാജയ്യ എന്നാക്കി. ഗ്രാമത്തിലെ സുഹൃത്തുക്കൾ രാജയ്യ എന്നത് രാസയ്യ എന്നു മാറ്റി വിളിക്കാൻ തുടങ്ങി. സംഗീതാധ്യാപകനാണ് രാജ എന്നു പേരു നൽയത്. ഇളയരാജയുടെ ആദ്യ സിനിമയുടെ നിർമ്മാതാവ് പഞ്ചു അരുണാചലം ഈ പേരിന്റെ കൂടെ ഇളയ എന്നു കൂടി ചേർത്ത് ഇളയരാജ എന്നാക്കി മാറ്റി.

- Advertisement -

നാടോടി ഗായകസംഘത്തി​​​​​ന്റെ കൂടെ പാടി നടന്ന കുട്ടിക്കാലവും കൊടുംപട്ടിണിയുടെ കൗമാരവും പിന്നിട്ടാണ്​ സിനിമ സംഗീതത്തി​​​​​ന്റെ രാജസിംഹാസനത്തിലേക്ക്​ ഇളയരാജ കയറിയിരുന്നത്​. മൂത്ത സഹോദരൻ പാവലർ വരദരാജനാണ്​ സംഗീത വഴിയിലൂടെ ഇളയരാജയെ നയിച്ചത്​. സഹോദരന്മാരായ ഭാസ്‌കറും അമര്‍സിങ്ങും ചേർന്ന പാവലർ സഹോദരങ്ങൾ ഒരുകാലത്ത്​ കമ്യൂണിസ്​റ്റ്​ പാർട്ടി യോഗങ്ങളിലെ അനിവാര്യ സാന്നിധ്യമായിരുന്നു. ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ ഇവർക്ക്​ അവസരം ലഭിച്ചു. ഈ കാലഘട്ടത്തില്‍ തന്നെയാണ് ആദ്യമായി ഒരു പാട്ടിന് അദ്ദേഹം ഈണം നല്‍കുന്നതും. പ്രമുഖ കവി കണ്ണദാസന്‍ രചിച്ച ഒരു വിലാപകാവ്യമായിരുന്നു അത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് വേണ്ടിയാണ് ഇളയരാജ ഈ ഗാനം സമര്‍പ്പിച്ചത്.

1968 ലാണ്​ രാസയ്യയും പിന്നീട്​ ഗംഗൈ അമരനായി മാറിയ അമർസിങും ഭാഗ്യം തേടി മദ്രാസിലെത്തുന്നത്​. സലില്‍ ചൗധരിയുടെയും ധൻരാജ്​ മാസ്​റ്ററുടെയും സഹായിയായ ശേഷമാണ്​ 1976-ല്‍ അന്നക്കിളി എന്ന സിനിമയ്ക്കു വേണ്ടി അന്നക്കിളി ഉന്നൈ തേടുതേ….എന്ന ഗാനം സൃഷ്ടിക്കുന്നത്. തമിഴ്‌നാടിന്‍റെ ഉള്‍നാടന്‍ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ചേര്‍ത്ത് സ്വന്തമായൊരു ശൈലി ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ പാശ്ചാത്യ സംഗീതത്തില്‍ പ്രാവീണ്യമുള്ള ഗിത്താര്‍ വാദകനായിരുന്ന ഇളയരാജയ്ക്ക് നിഷ്‌പ്രയാസം കഴിഞ്ഞു. പിന്നീടുള്ള മൂന്നു ദശാബ്ദത്തോളം തമിഴ്സിനിമയിലെ അനിവാര്യതയായിരുന്നു അദ്ദേഹം. ഇളയരാജയില്ലെങ്കില്‍ ചിത്രം വിതരണത്തിനെടുക്കാന്‍ ആളില്ലാത്ത അവസ്ഥ വരെയുണ്ടായി.

ഇളയരാജയുടെ പശ്ചാത്തല സംഗീതത്തിലുള്ള പ്രാവീണ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ വികാര വിക്ഷോഭങ്ങള്‍ക്ക് കോട്ടം തട്ടാതെയുള്ള ഒരു ‘മ്യൂസിക്‌ ട്രീറ്റ്‌മെന്‍റ്’ ഇളയരാജയുടെ സവിഷേതയായിരുന്നു. പോസ്​റ്ററുകളിൽ താരങ്ങളുടെ ചിത്രത്തോടൊപ്പം തുല്യപ്രാധാന്യത്തോടെ ഇളയരാജയുടെ ചിത്രവും ഇടംപിടിച്ചു. ഗാനങ്ങള്‍ ഗായകരിലൂടെ അറിയപ്പെട്ടിരുന്ന കാലത്തുനിന്ന്​ സംഗീത സംവിധായകരുടെ പേരില്‍ അറിയപ്പെടുന്ന പുതിയകാലം പിറന്നത് രാജയുടെ രംഗ പ്രവേശത്തോടെയാണ്.

1993 ൽ ക്ലാസ്സിക് ഗിറ്റാറിൽ ലണ്ടനിലെ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ മെഡലോടെ ഡിപ്ലോമ നേടി. ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയിൽ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതിയും രാജക്ക്​ സ്വന്തം.13 ദിവസം കൊണ്ടാണ് അദ്ദേഹം ഇതിനായി സിംഫണി ചിട്ടപ്പെടുത്തിയത്. ലോകത്തിൽ മറ്റാരും ഇന്നേവരെ ഈ റെക്കോർഡ് തിരുത്തിയിട്ടില്ല. ഇളയരാജക്ക്​ തമിഴകം ആദരപൂർവം നൽകിയ വിളിപ്പേരാണ്​ ഇസൈജ്​ഞാനി.

1991ൽ സംഗീതം നൽകിയ ദളപതിയിലെ റക്കമ്മ കയ്യെ തട്ട്…. എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച 10 ഗാനങ്ങൾക്കായി ബി ബി സി നടത്തിയ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തിയിരുന്നു​. ‘പഞ്ചമുഖി’ എന്ന സ്വന്തം രാഗവും ‘തിരുവാസഗം’ എന്ന സിംഫണിയും മാത്രം മതി ഇളയരാജയെ സംഗീത ലോകത്തി​​​​​ന്റെ തമ്പുരാനായി അടയാളപ്പെടുത്താൻ. ഇളയരാജയ്ക്കു മാത്രം കഴിയുന്ന മാന്ത്രിക ഈണങ്ങളാണ് അദ്ദേഹത്തെ എന്നും വേറിട്ട്​ നിർത്തുന്നത്​. തമിഴരുടെ മാത്രമല്ല, മലയാളികളുടേയും നിത്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയ സംഗീതമാണ് ഇളയരാജയുടേത്.

- Advertisement -

തമിഴ്‌ സിനിമയിൽ പേരും പെരുമയുമുള്ള സമയത്തുതന്നെയാണ് ഇളയരാജ മലയാളത്തിലെത്തുന്നത്. 1978-ൽ പുറത്തിറങ്ങിയ ‘വ്യാമോഹം’ എന്ന ചിത്രമാണ് ഇളയരാജയെ മലയാളത്തിന് പരിചിതനാക്കിയത്. മലയാളത്തിൽ നൂറുകണക്കിന് ഗാനങ്ങൾ ചിട്ടപ്പെടുത്തി ഒട്ടേറെ യുവപ്രതിഭകൾക്ക് അവസരം നൽകി.
സന്ധ്യയ്ക്കു വിരിഞ്ഞ പൂവിലെ മഞ്ഞും കുളിരും,
ഒന്നാണ് നമ്മളിലെ വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ,
യാത്രയിലെ തന്നന്നം താനന്നം,
യമുനേ നിന്നുടെ നെഞ്ചിൽ, മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആലിപ്പഴം പെറുക്കാന്‍,
പുഴയോരത്തിൽ പൂന്തോണി, പൂവായ് വിരിഞ്ഞു, (അഥർവ്വം), താരാപഥം ചേതോഹരം(അനശ്വരം), ഉണരുമീഗാനം, താമരക്കിളി പാടുന്നു (മൂന്നാംപക്കം),വേഴാമ്പൽകേഴും (ഓളങ്ങൾ), കൊഞ്ചിക്കരയല്ലേ(പൂമുഖപ്പടിയിൽ നിന്നെയും കാത്ത്), ദേവസംഗീതം നീയല്ലേ(ഗുരു), ആദിയുഷസ്സന്ധ്യ പൂത്തതിവിടെ (പഴശ്ശിരാജ), മെല്ലെയൊന്നു പാടിനിന്നെ (മനസ്സിനക്കരെ), ചെല്ലക്കാറ്റേ ചൊല്ല് ചൊല്ല് ,(കൊച്ചുകൊച്ചു സന്തോഷങ്ങൾ), ആറ്റിൻ കരയോരത്ത് (രസതന്ത്രം) ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ഇളയരാജ മലയാളത്തിന്‌ സമ്മാനിച്ചു.

കേരള സർക്കാറി​​​​​ന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്നു തവണയും തമിഴ്നാട് സർക്കാറി​​​​​ന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ആറു തവണയും കേരളസർക്കാരിന്റെ നിശാഗന്ധി പുരസ്ക്കാരത്തിനും അർഹനായി. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്​കാരങ്ങൾ നൽകി രാജ്യവും ഇളയരാജയെ ആദരിച്ചു. ഭാര്യ ജീവ, കാർത്തിക് രാജ, യുവാൻ ശങ്കർ രാജ, ഭവതരണി എന്നീ മൂന്നു മക്കളും സംഗീത മേഖലയിലാണ്. സമീപകാലത്താണ് ഭവതരണി അസുഖ ബാധിതയായി മരിച്ചത്.

ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ തമിഴ് സിനിമയിലെ പ്രശസ്തനായ ഒരു സംവിധായകനും ഗാന രചയിതാവും സംഗീത സംവിധായകനും കൂടിയാണ്. കമലാമ്മാൾ, പത്മാവതി എന്നിങ്ങനെ രണ്ടു സഹോദരിമാരും ഇളയരാജയ്ക്കുണ്ട്. ഇളയരാജയുടെ ജീവചരിത്രമായ ലൈഫ് ഓഫ് മ്യൂസിക് എന്ന ഗ്രന്ഥം രചിച്ചത് സഹോദരി പത്മാവതിയാണ്.

- Advertisement -
Share This Article
Leave a comment