ഓടിക്കൊണ്ടിരുന്ന കാറിൻ്റെ മുന്നിലെ ടയർ ഊരിത്തെറിച്ചു പോയിട്ടും അതൊന്നുമറിയാതെ കുണ്ടറ സ്വദേശിയായ സാംകുട്ടി വണ്ടിയോടിച്ചു പോയത് 16 കിലോമീറ്റർ. ഒരു മൺകൂനയിൽ ഇടിച്ചു കയറി നിന്നില്ലെങ്കിൽ ടിയാൻ പിന്നെയും കാർ പായിച്ചേനെ. അത്രയ്ക്കുണ്ടായിരുന്നു ഉള്ളിൽ നുരച്ചു പൊന്തിയ ലഹരി. പൊലിസ് സാംകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ചെറിയ പരിക്കുകൾ മാത്രമേയുള്ളു. മദ്യപിച്ച് അപകടരമായ രീതിയിൽ കാറോടിച്ചതിന് കേസ് ചാർജു ചെയ്തിട്ടുണ്ട്.
പുനലൂരിൽ നിന്നും സ്വദേശമായ കുണ്ടറയിലേക്കു പോയ സാം കുട്ടിയുടെ കാറിൻ്റെ മുൻവശത്തെ ടയർ കുന്നിക്കോട് വച്ച് ഊരിത്തെറിച്ചു. വണ്ടിയോടിച്ചിരുന്ന ആൾ മാത്രം അറിഞ്ഞില്ല, നാട്ടുകാർ കൂവി വിളിച്ചിട്ടും വണ്ടി നിർത്തിയില്ല. പോയ പോക്കിൽ പാർക്കു ചെയ്തിരുന്നതും എതിരേ വന്നതുമായ ചില വാഹനങ്ങളിൽ ഇടിച്ചതായും വിവരമുണ്ട്. മുഖത്തു മുറിവേറ്റ സാംകുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.