റോഡും പാലവും മഴയിൽ വെള്ളത്തിനടിയിൽ ആയതിനാൽ മൃതദേഹം വെള്ളക്കെട്ടിനു നടുവിലൂടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് ചുമന്ന് വീട്ടിലെത്തിച്ചു. കോട്ടയം ജില്ലയിലെ പെരിങ്ങര പഞ്ചായത്തിലെ ചാലക്കുഴിയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് നാലടിയോളം വീതി വരുന്ന റോഡും പാലവും വെള്ളത്തിനടിയിലായിരുന്നു. പകരം തെങ്ങിൻ തടിയും ഇരുമ്പുപാളികളും ചേർത്ത് താത്ക്കാലികമായി ഒരു പാലം നിർമിച്ചിരുന്നു. വീണ്ടും പെയ്ത അതി ശക്തമായ മഴയിൽ ഈ പാലവും തകർന്നു.
ഇന്നലെയാണ് ഈ മേഖലയിലെ താമസക്കാരനായ ജോസഫ് മാർക്കോസ് തിരുവല്ലയിലെ ആശുപത്രിയിൽ മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാൻ മാർഗമില്ലാത്തതിനാൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു. അന്ത്യശുശ്രൂഷകൾക്കായി മുതദേഹം വെള്ളക്കെട്ടിലൂടെ ചുമന്നുകൊണ്ടു തന്നെ വന്നു. തിരിച്ച് സംസ്കാര ചടങ്ങുകൾക്കായി പള്ളിയിലേക്കും ചുമന്നു കൊണ്ടു പോയി.
ഒരു തുരുത്തായ ഈ പ്രദേശത്ത് അഞ്ചിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വർഷത്തിൽ പകുതിയും തങ്ങൾ വെള്ളത്തിലാണെന്ന് അവർ പരാതിപ്പെടുന്നു. ഇത്തരത്തിൽ മരണമോ അടിയന്തരമായി ആശുപത്രിയിൽ പോകേണ്ടതായോ വന്നാൽ വലിയ ബുദ്ധിമുട്ടാണ് തങ്ങൾ നേരിടുന്നതെന്നും പരിഹാരം വേണമെന്നും അവർ ആവശ്യപ്പെടുന്നു.