ഓർമയിലെ ഇന്ന്, മെയ് 19- ഗായിക പി ലീല

At Malayalam
3 Min Read

മലയാളത്തിന് ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച,
തെന്നിന്ത്യൻ സിനിമയിൽ സകല ഭാഷാ ചിത്രങ്ങളിലും പറന്നു പാടിയ പൂങ്കുയിൽ – മലയാളിയുടെ എക്കാലത്തെയും മികച്ച ഗായിക പൊറയത്ത് ലീല എന്ന പി ലീല. 1934 മേയ് 19ന് പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ വി കെ കുഞ്ഞൻ മേനോന്റെയും പൊറയത്ത് മീനാക്ഷി അമ്മയുടെയും മകളായി ജനിച്ചു. സംഗീതജ്ഞൻ ടി വി ഗോപാലകൃഷ്ണന്റെ അമ്മാവൻ തിരിബുവന മണിഭാഗവതർ ആയിരുന്നു ലീലയുടെ ആദ്യ ഗുരു . പിന്നീട് പത്തമാടൈ കൃഷ്ണയ്യർ, മരുത്വാകുടി രാജഗോപാല അയ്യർ, രാമ ഭാഗവതർ എന്നിവരിൽ നിന്നും സംഗീതം പഠിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, വി ദക്ഷിണാ മൂർത്തി എന്നിവരിൽ നിന്നും കർണാടക സംഗീതത്തിൽ പരിശീലനം നേടി. 1943-ല്‍ കങ്കണം എന്ന ചിത്രത്തിൽ
ശ്രീ വരലക്ഷ്മി….. എന്ന ഗാനം ആദ്യമായി ആലപിച്ചു. 1948ൽ നിര്‍മ്മല എന്ന സിനിമയില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച പാടുക പൂങ്കുയിലേ കാവുതോറും…. എന്ന ഗാനം ശങ്കരറാവുവിനൊപ്പം പാടിക്കൊണ്ടാണ് മലയാളത്തിൽ തുടക്കം കുറിച്ചത്. മനദേശം എന്ന ചിത്രത്തിലൂടെ 1949 ൽ തെലുങ്കിലും പാടി. അടുത്ത രണ്ടു പതിറ്റാണ്ടു കാലം ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള ഗായികയായി മാറി അവർ. 1954 ൽ പുറത്തിറങ്ങിയ സ്നേഹസീമയ്ക്കു ദക്ഷിണമൂർത്തി ചിട്ടപ്പെടുത്തി ലീല പാടിയ കണ്ണും പൂട്ടി ഉറങ്ങുക നീയെൻ….. എന്ന താരാട്ട് പാട്ട് പല തലമുറകളിലെ അമ്മമാർ മക്കളെ ഉറക്കാൻ പാടിയിട്ടുണ്ട്.

1950 ൽ സ്ത്രീ എന്ന ചിത്രത്തിൽ ചിദംബരനാഥിന്റെ ഈണത്തിൽ ഇരയിമ്മൻ തമ്പിയുടെ
ഓമനത്തിങ്കൾ കിടാവോ…. എന്ന താരാട്ടുപാട്ടും ലീലയാണ് പാടിയത്.

സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ (കാവ്യമേള), ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാർ സൂക്ഷിക്കുക), അഷ്ടമുടി കായലിലെ (മണവാട്ടി), സ്വർണചാമരം വീശിയെത്തുന്ന (യക്ഷി), അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (സ്ഥാനാർഥി സാറാമ്മ), വാടരുതീ മലരീനി
കാനന ഛായയിൽ ആടുമേയ്ക്കാൻ, താരമേ താരമേ, താമരത്തുമ്പി വാ. (കെ പി ഉദയഭാനുവിനൊപ്പം), പടിഞ്ഞാറെ മാനത്തുള്ള (പി ബി ശ്രീനിവാസ്), കണ്ണാരം പൊത്തി പൊത്തി (കമുകറ) , ജനനീ ജയിക്ക നീണാൾ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

- Advertisement -

കണ്ണനെ കണ്ടേൻ സഖി, സ്വപ്നങ്ങൾ സ്വപ്നങ്ങൾ, സ്വർഗവാതിൽ ഏകാദശി, ദേവി ശ്രീദേവി തേടി വരുന്നൂ ഞാൻ, തമസാ നദിയുടെ, കഥ കഥ പ്പൈങ്കിളിയും, പൊന്നണിഞ്ഞിട്ടില്ല ഞാൻ, കല്യാണ മോതിരം,ഊഞ്ഞാല് പൊന്നൂഞ്ഞാല് , പെണ്ണാളെ പെണ്ണാളേ , കൊട്ടും ഞാൻ കേട്ടില്ല, ആദ്യത്തെ കൺമണി ആണായിരിക്കണം, കന്നി നിലാവത്ത്, ഇന്നെന്റെ കരളിലെ പൊന്നണി പാടത്തൊരു എന്നിങ്ങനെ പി ലീല പാടി അനശ്വരമാക്കിയ ഗാനങ്ങളിൽ ചിലതു മാത്രമാണിവ. മലയാളത്തിൽ ഏറ്റവുമധികം വിറ്റുപോയ ഓഡിയോ കസറ്റുകളിലൊന്നാണ് ദക്ഷിണമൂർത്തിയുടെ ഈണത്തിൽ ലീല പാടിയ നാരായണീയം. പിൽക്കാലത്ത് മറ്റു പലരും നാരായണീയം പാടിയിട്ടുണ്ടെങ്കിലും കസറ്റ് വാങ്ങാൻ വരുന്നവരൊക്കെ പി ലീല പാടിയതു തന്നെ ചോദിച്ചുവാങ്ങുമായിരുന്നു. ജ്ഞാനപ്പാന, ഹരിനാമകീർത്തനം, ഗുരുവായൂർ സുപ്രഭാതം, മൂകാംബിക സുപ്രഭാതം, പാറമേക്കാവ് സ്തുതികൾ, ഹന്തഭാഗ്യം ജനാനാം തുടങ്ങി നിരവധി ഭക്തിഗാന ആൽബങ്ങൾ ലീലയുടെ സ്വരത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

നാരായണായ നമ (ചട്ടക്കാരി), കണി കാണും നേരം, (ഓമനക്കുട്ടൻ), ഗോകുലപാല ഗോപകുമാരാ (പോസ്റ്റ്മാനെ കാണ്മാനില്ല), കൈ തൊഴാം കണ്ണാ, (ശ്യാമളചേച്ചി), ഹേമാംബരാഢംബരി, (ശ്രീധർമ്മശാസ്ത) ,
കന്യാതനയാ (നിണമണിഞ്ഞ കാൽപ്പാടുകൾ) തുടങ്ങി നിരവധി ഭക്തിപ്രധാനമായ സിനിമാഗാനങ്ങളും പാടിയിട്ടുണ്ട്. 1968 ൽ പ്രശസ്ത നടി സാവിത്രി നിർമ്മിച്ച ചിന്നരിപാപ്പുലു എന്ന തെലുങ്കു ചിത്രത്തിന് സംഗീതം നൽകിയതും പി ലീലയായിരുന്നു. മലയാളത്തിൽ എന്റെ സൂര്യപുത്രിക്ക് (1991) , തിരകൾക്കപ്പുറം (1998) എന്നീ സിനിമകൾക്കു വേണ്ടിയാണ് അവസാനം പാടിയത്.

കേരളസർക്കാർ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയ 1969 ലെ മികച്ച ഗായകയായി പി ലീലയെ തിരഞ്ഞെടുത്തത് ജി ദേവരാജൻ ഈണമിട്ട ഗാനത്തിലൂടെയാണ്. കടൽപ്പാലം എന്ന ചിത്രത്തിലെ
ഉജ്ജയിനിയിലെ ഗായിക… എന്ന പാട്ടിനായിരുന്നു പുരസ്കാരം. 1992-ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, 2003 ൽ ജന്മാഷ്ടമി പുരസ്കാരം എന്നിവയും ലഭിച്ചിരുന്നു. 2006 ൽ മരണാനന്തര ബഹുമതിയായി പത്മഭൂഷണും ലഭിച്ചു. വീട്ടിലെ കുളിമുറിയിൽ തെന്നിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ലീല, 2005 ഒക്ടോബർ 31-ന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment