കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡിഎംഒയുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് നടപടി.
ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ കുടുബം അറിയിച്ചു. ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയതിന് പിന്നാലെ ഡോക്ടര്‍ മാപ്പു പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ ഒരു കൈയ്യിൽ ആറ് വിരല്‍ ഉള്ളതിനായിരുന്നു ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലെത്തിയ ശേഷം കുട്ടിയുടെ നാവില്‍ ചോര കണ്ടതിനെ തുടര്‍ന്ന് നഴ്സിനോട് ചോദിച്ചപ്പോഴാണ് നാവിനാണ് സര്‍ജറി നടത്തിയതെന്ന് ബന്ധുക്കൾ അറിഞ്ഞത്.
