ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് ഫ്ലെമിംഗും റിക്കിയും പരിഗണനയിൽ

At Malayalam
2 Min Read

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേയ്ക്ക് മുൻ ന്യൂസിലാൻ്റ് ക്യാപ്റ്റർ സ്റ്റീഫൻ ഫ്ലെമിംഗ്, മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് എന്നിവരെ സജീവമായി പരിഗണിയ്ക്കുന്നു. ഫ്ലെമിംഗ് നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിശീലകനാണ്, മാത്രമല്ല സൂപ്പർ കിംഗ്സ് അഞ്ചു തവണ ഐ പി എൽ കിരീടത്തിൽ മുത്തമിട്ടത് ഫ്ലെമിംഗിൻ്റെ പരിശീലന മികവിലാണ്. രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫി ടീമിനു നേടിക്കൊടുത്തതിനു പിന്നിലും ഫ്ലെമിംഗിൻ്റെ ഉറച്ച നീക്കങ്ങളുണ്ട്.

റിക്കി പോണ്ടിംഗ് എന്ന പേരു തന്നെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമുണർത്തുന്നതാണ്. ഒരു കാലത്ത് ഇക്കണ്ട കിരീടനേട്ടങ്ങളെല്ലാം വെട്ടിപ്പിടിയ്ക്കാൻ ഓസ്ട്രേലിയ എന്ന മികച്ച കളിക്കാരുടെ കൂട്ടായ്മയ്ക്ക് റിക്കി നൽകിയ നേതൃത്വം ഓസ്ട്രേലിയൻ ക്രിക്കറ്റു ബുക്കിൽ തങ്ക ലിപികളാൽ എഴുതിയിട്ടുണ്ടാകും. നിലവിൽ ഡെൽഹി ഐ പി എൽ ടീമിൻ്റെ പരിശീലകൻ കൂടിയാണ് റിക്കി. എന്നാൽ എടുത്തു കാണിയ്ക്കാൻ പറ്റുന്ന ഒരു നേട്ടവും ആ ടീമിന് ഉണ്ടാക്കാനായിട്ടില്ല. അതിൽ റിക്കിയും നിരാശനാണ്.

ഇന്ത്യൻ താരങ്ങളുടെ അഭിപ്രായമൊന്നും ഇക്കാര്യത്തിൽ ബി സി സി ഐ ഇതുവരേയും തേടിയിട്ടില്ല. കളിയുടെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡ് ഉണ്ടാകണം എന്ന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് താല്പര്യമുള്ളതായി സൂചനയുണ്ട്. എന്നാൽ രാഹുൽ ദ്രാവിഡാകട്ടെ ഇനിയും ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി തുടരാൻ താല്പര്യമില്ല എന്ന നിലപാടിലാണ്.

റിക്കിയോ ഫ്ലെമിംഗോ ആരു വന്നാലും ഒരു വിദേശ പരിശീലകൻ ഏറെ നാളുകൾക്കു ശേഷമാണ് ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനത്ത് എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ഇരുവരും ഐ പി എൽ പരിശീലകരായതു കൊണ്ടുതന്നെ ഇന്ത്യൻ സാഹചര്യങ്ങളും കളിക്കാരേയും നന്നായി അറിയാവുന്നവരുമാണ്. സചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി ,രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മണൻ, അനിൽ കുംബ്ലെ തുടങ്ങിയ ഇന്ത്യയുടെ ഇതിഹാസ താരങ്ങൾക്കൊപ്പം കളിച്ചവരാണിരുവരും. അതിനാൽ തന്നെ ഇവരെല്ലാവരുമായും ഉറ്റ വ്യക്തി ബന്ധവും രണ്ടു പേർക്കുമുണ്ട്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാവും ബി സി സി ഐ ഇവരുടെ പേരുകൾ നിർദേശിക്കുന്നത്. അന്തിമമായി ആരാകും പരിശീലക സ്ഥാനത്ത് എത്തുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

- Advertisement -
Share This Article
Leave a comment