വല്ലാർപാടത്ത് അതിക്രമിച്ചു കയറിയ റഷ്യക്കാരൻ പിടിയിൽ

At Malayalam
1 Min Read

ഗോശ്രീ പാലം കാണാൻ ഗൂഗിൾ മാപിൻ്റെ സഹായത്തോടെ എത്തിയെന്ന് അവകാശപ്പെടുന്ന 26 കാരനായ റഷ്യൻ പൗരൻ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനുള്ളിൽ അതിക്രമിച്ചു കയറിയതിന് പിടിയിലായി. റഷ്യക്കാരനായ ഇലിയ എകിമോവ് ആണ് പൊലിസ് കസ്റ്റഡിയിലുള്ളത്.

ഗോശ്രീ പാലം എന്ന് ഗൂഗിൾ മാപിൽ കൊടുത്തു നടന്നപ്പോൾ കണ്ടെയ്നർ ടെർമിനലിൻ്റെ മതിലിൻ്റെ പിറകുഭാഗത്ത് എന്നാണത്രേ ഇയാൾ മനസിലാക്കിയത്. തുടർന്ന് ടെർമിനലിൻ്റെ മതിലു ചാടി കടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്ക് മതിലുചാടിയ ഇലിയയെ സുരക്ഷാജീവനക്കാർ തടഞ്ഞുവച്ചു. ഇയാളുടെ പാസ്പോർട്ട് പരിശോധിച്ചപ്പോഴാണ് റഷ്യൻ പൗരനാണന്നും വിസയുടെ കാലാവധി കഴിഞ്ഞെന്നും കണ്ടെത്തിയത്. തുടർന്ന് സുരക്ഷാജീവനക്കാർ ഇലിയയെ പൊലിസിനു കൈമാറുകയായിരുന്നു.

ഇലിയ എകിമോവിനെ കേന്ദ്ര – സംസ്ഥാന അന്വേഷണ ഏജൻസികൾ ഇതിനോടകം പല തവണ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചിട്ടില്ലന്നാണ് വിവരം. ഇയാൾക്കെതിരെ പൊലിസിലോ മറ്റോ പരാതികളോ കേസുകളോ ഒന്നും രജിസ്റ്റർ ചെയ്തിട്ടുമില്ല. ആ സാഹചര്യത്തിൽ ഇയാളെ കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി റഷ്യയിലേക്കു തിരിച്ചയയ്ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്

Share This Article
Leave a comment