തൃശൂരിൽ കാണാതായ പൊലിസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

At Malayalam
1 Min Read

തൃശൂർ ജില്ലയിലെ ആളൂർ പൊലിസ് സ്റ്റേഷനിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ സിവിൽ പൊലിസ് ഓഫിസറായ സലേഷിനെ തഞ്ചാവൂരിൽ കണ്ടെത്തി. ഈ മാസം എട്ടാം തീയതി ഡ്യൂട്ടിയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ സലേഷ് അപ്രത്യക്ഷനാകുകയായിരുന്നു. ബന്ധുക്കളും പൊലിസും പല വഴിക്കും അന്വേഷിച്ചെങ്കിലും സലേഷിനെ പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല.

കാണാതായി രണ്ടു ദിവസം കഴിഞ്ഞപ്പോൾ സലേഷിൻ്റെ ബൈക്ക് ചാലക്കുടിയിലെ കെ എസ് ആർ ടി സി സ്റ്റാൻ്റിനടുത്തു നിന്ന് കണ്ടെടുത്തിരുന്നു. ആ വഴിയ്ക്ക് അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടിയില്ല. ചാലക്കുടി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം വിവിധ വഴികളിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് സലേഷ് തഞ്ചാവൂരിൽ എ ടി എം കാർഡ് ഉപയോഗിച്ചതായി സൂചന കിട്ടിയത്. പിന്നാലെ എത്തിയ അന്വേഷണ സംഘം തഞ്ചാവൂരിനടുത്തുള്ള ലോഡ്ജിൽ നിന്നും ഇയാളെ കണ്ടെത്തുകയായിരുന്നു.

സലേഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഉയർന്ന ഉദ്യോഗസ്ഥർ ആളൂരിൽ എത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുമ്പോഴും മൊബയിൽ ഫോൺ സ്വിച് ഓഫ് ആക്കി തന്നെയാണ് വച്ചിരുന്നത്. സലേഷിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്നും ചാലക്കുടി ഡി വൈ എസ് പി പറഞ്ഞു.

Share This Article
Leave a comment