ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി നിര്യാതനായി. അദ്ദേഹത്തിന് 73 വയസായിരുന്നു. അർബുദത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് പട്‌ന രാജേന്ദ്രനഗറിലെ അദ്ദേഹത്തിന്റെ വസതിയിൽ കൊണ്ടുവരും. സംസ്‌കാരം ഇന്നു വൈകിട്ട് നടക്കും.


മൂന്നു പതിറ്റാണ്ടായി ബിഹാറിൽ ബി ജെ പിയുടെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു മോദി. ബി ജെ പിയുടെ താര പ്രചാരകനായിരുന്ന അദ്ദേഹം രോഗത്തെ തുടർന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. രാജ്യസഭാ കാലാവധി അവസാനിച്ചപ്പോൾ വീണ്ടും മത്സരിയ്ക്കാതിരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ ഏപ്രിലിൽ വെളിപ്പെടുത്തിയിരുന്നു. കോട്ടയം പൊൻകുന്നം സ്വദേശി ജെസി ജോർജാണ് ഭാര്യ.