ട്രെയിൻ ഇടിച്ച് വീണ്ടും ഒരു കാട്ടാന കൂടി ചരിഞ്ഞു. തിരുവനന്തപുരം – ചെന്നൈ എക്സ്പ്രസ് ട്രെയിൻ , പാലക്കാട് – കോയമ്പത്തൂർ റൂട്ടിലെ കഞ്ചിക്കോടിനു സമീപത്താണ് ഏകദേശം രണ്ടു വയസ് പ്രായം വരുന്ന പിടി ആനയെ ഇടിച്ചിട്ടത് . ഇടിയുടെ ആഘാതത്തിൽ ആനയുടെ തലയിലും പിൻ ഭാഗത്തുമൊക്കെ ഗുരുതരമായി മുറിവേറ്റു.
രാത്രി 11 മണിയോടെയാണ് അപകടം നടന്നത് . തുടർന്ന് അധികൃതർ എത്തി പരിക്കേറ്റ ആനയ്ക്ക് ചികിത്സ നൽകിയെങ്കിലും പുലർച്ചെ ഏകദേശം മൂന്നു മണിയോടെ ആ ചരിയുകയായിരുന്നു . സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിക്കുകയും ചെയ്തു . കൂട്ടത്തിലുണ്ടായിരുന്ന മറ്റ് ആനകൾ അപകട സമയത്ത് ചിന്നം വിളിച്ച് നാലുപാടും പരക്കം പാഞ്ഞതും ഭീതിയുണ്ടാക്കി.
സംഭവത്തെ തുടർന്ന് ട്രെയിൻ ഓടിച്ചിരുന്ന ലോക്കോമോട്ടിവ് പൈലറ്റിനെതിരെ കേസെടുക്കാനാണ് വനം വകുപ്പിൻ്റെ നിർദ്ദേശം . സ്ഥിരമായി കാട്ടാന സഞ്ചരിക്കാറുള്ള വഴിയിൽ നിർദേശാനുസരണമുള്ള വേഗതയിലല്ല പല ലോക്കോ പൈലറ്റുമാരും ട്രെയിൻ ഓടിയ്ക്കുന്നതെന്നും അപകട സമയത്ത് വണ്ടി അമിത വേഗത്തിലായിരുന്നുവെന്നുമാണ് വനം വകുപ്പ് പറയുന്നത്.
