തിരക്കുകൾക്കിടയിലും സമ്മതിദാനാവകാശം വിനിയോഗിച്ച് മലയാള സിനിമാ താരങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറായ നടൻ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ എത്തി വോട്ടു രേഖപ്പെടുത്തി. എല്ലാവരും കൃത്യമായി വോട്ടവകാശം വിനിയോഗിക്കണമെന്നും, അവകാശമെന്നതിനുപരി വോട്ടിങ് എല്ലാ പൗരന്മാരുടെയും കടമയാണെന്നും വോട്ടു ചെയ്ത് പുറത്തിറങ്ങിയ ടോവിനോ പറഞ്ഞു.
ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിലാണ് ഫാസിലും ഫഹദ് ഫാസിലും വോട്ട് രേഖപ്പെടുത്താനായി എത്തിയത്. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് ശ്രീനിവാസൻ വോട്ട് രേഖപ്പെടുത്തിയത്. തൊടുപുഴ കമ്പംകല്ല് എൽപി സ്‌കൂളിലെത്തിയാണ് നടൻ ആസിഫ് അലിയും അഷ്‌കർ അലിയും വോട്ട് രേഖപ്പെടുത്തിയത്. കൂടാതെ ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ ,അന്നാ രാജൻ, അഹാന കൃഷ്ണ, ലാൽ ജോസ് തുടങ്ങിയവർ അതത് മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി.