ഓർമയിലെ ഇന്ന്, ഏപ്രിൽ – 21 : പി.ഭാസ്കരൻ

At Malayalam
3 Min Read

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കവിയും ഗാനരചയിതാവും സംവിധായകനും ഒക്കെയായ പി ഭാസ്കരൻ മാസ്‌റ്ററുടെ 100-ാംജന്മവാർഷികമാണിന്ന്.

കവിയും എഴുത്തുകാരനും സിനിമാ സംവിധായകനും നടനും രാഷ്ട്രീയ പ്രവർത്തകനും മാധ്യമപ്രവർത്തകനും അങ്ങനെ മലയാളിക്ക് എല്ലാമെല്ലാമാണ് പുല്ലൂട്ടു പാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ.

ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ …., നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍……, പുലര്‍കാല സുന്ദരസ്വപ്നത്തില്‍……, ഒരു കൊച്ചു സ്വപ്നത്തിന്‍……,ഇന്നലെ മയങ്ങുമ്പോള്‍…., സ്വര്‍ണ മുകിലേ……, സ്വപ്ന മാലിനി തീരത്ത്……, മല്ലികാബാണന്‍ തന്റെ……, വൃശ്ചികരാത്രി തന്‍……, പുലയനാര്‍ മണിയമ്മ……, ഏഴിമല പൂഞ്ചോല…., മാനത്തിന്‍ മുറ്റത്ത്….., ഇന്നെനിക്ക് പൊട്ടുകുത്താൻ…., ആറാട്ടു കടവിങ്കല്‍……, അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം…… എന്നിങ്ങനെ
നാലു പതിറ്റാണ്ടിനിടയില്‍ അനശ്വരമായ ഒരുപാട് ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് . 1924 ഏപ്രിൽ 21 ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ കവിയും അഭിഭാഷകനും പത്രപ്രവർത്തകനും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന നന്ദ്യേലത്ത് പത്മനാഭ മേനോന്റെയും പുല്ലൂട്ടുപാടത്ത് അമ്മാളു അമ്മയുടെയും മകനായി ജനിച്ചു . വിദ്യാഭ്യാസ കാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം അനുഭവിച്ചു . പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി . അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട് . വയലാർ വെടിവെപ്പിനെ കുറിച്ച് രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു.

1949 ൽ ഒരു തമിഴ് ചലച്ചിത്രത്തിന് ഗാനരചന നിർവഹിച്ചുകൊണ്ടാണ് സിനിമയിലേക്ക് കടന്നുവന്നത്. ‘അപൂർവ സഹോദരങ്ങൾ’ എന്ന ചിത്രത്തിൽ പല ഭാഷകൾ ചേർത്ത ഗാനത്തിലെ മലയാള ശകലമായിരുന്നു അദ്ദേഹം രചിച്ചത് . 1950 ൽ ചന്ദ്രിക എന്ന മലയാള ചലച്ചിത്രത്തിന് പാട്ടെഴുതി . 1954 ൽ രാമുകാര്യാട്ടുമായി ചേർന്ന് ‘നീലക്കുയിൽ’ എന്ന സിനിമ സംവിധാനം ചെയ്തു . സോഷ്യൽ റിയലിസം ആദ്യമായി മലയാളിക്ക് പരിചയപ്പെടുത്തിയ സിനിമ . പഴമയുടെ മാമൂലുകളെ ആശയ വ്യക്തത കൊണ്ട് നേരിട്ട സിനിമ. ആദ്യമായി മലയാള സിനിമയ്ക്ക് രാഷ്ട്രപതിയുടെ വെള്ളിമെഡൽ ലഭിക്കുകയും ചെയ്തു . പിന്നീടിങ്ങോട്ട് മലയാളത്തിന്റെ മണ്ണ് മണക്കുന്ന നിരവധി ചിത്രങ്ങളാണ് പിറന്നത് . ആദ്യകിരണങ്ങൾ (1964) , ഇരുട്ടിന്റെ ആത്മാവ് (1969) , തുറക്കാത്ത വാതിൽ (1971) എന്നിവ സാധാരണക്കാരായ പ്രേക്ഷകരെയും ദേശീയഅവാർഡ് നിർണയ സമിതിയെയും ഒരുപോലെ കീഴ്പ്പെടുത്തി.

- Advertisement -

തളിരിട്ട കിനാക്കള്‍തന്‍…,വാസന്തപഞ്ചമി നാളില്‍…, താമസമെന്തേ വരുവാന്‍…, ഒരു പുഷ്പം മാത്രമെന്‍….,പ്രാണസഖി ഞാന്‍ വെറുമൊരു…., നഗരം നഗരം മഹാസാഗരം….,അനുരാഗ നാടകത്തിന്‍….,ഏകാന്തതയുടെ അപാരതീരം….,പകല്‍ക്കിനാവിന്‍ സുന്ദരമാകും…,കേശാദിപാദം തൊഴുന്നേൻ…,ഏകാന്തപഥികന്‍ ഞാന്‍…., ഹര്‍ഷബാഷ്പം തൂകി….,താമരക്കുമ്പിളല്ലോ മമഹൃദയം….,നീ മധുപകരൂ…,നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും….,കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും…,ചെമ്പക പ്പൂങ്കാവനത്തില് പൂമരച്ചോട്ടില്….,കായലൊന്ന് ചിരിച്ചാല്‍…,ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത്…,നീലമലപ്പൂങ്കുയിലേ നീ കുടെപ്പോരുന്നോ…,ഇരു ഹൃദയങ്ങളിലൊന്നായ് വീശി…,പത്തുവെളുപ്പിന് മുറ്റത്തു നിക്കണ… തുടങ്ങി 250 ചിത്രങ്ങളിലായി 3,000 ഗാനങ്ങൾ ആ തൂലികയിൽ നിന്ന് മലയാളത്തിന് കിട്ടി.

ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും കെ എഫ് ഡി സിയുടെ ചെയർമാനായും ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായും ജയകേരളം മാസിക , ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി ഭാസ്ക്കരൻ 47 ചിത്രങ്ങൾ സംവിധാനം ചെയ്തു . ഏഴു ചിത്രങ്ങൾ നിർമിച്ചു . ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട് . ഓർക്കുക വല്ലപ്പോഴും , ഒറ്റക്കമ്പിയുള്ള തമ്പുരു , വയലാർ ഗർജ്ജിക്കുന്നു , ഒസ്യത്ത് , പാടും മൺതരികൾ , ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ . ഒറ്റക്കമ്പിയുള്ള തംബുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും 1982ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു . കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട് . 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു . 2007 ഫെബ്രുവരി 25-ന് അദ്ദേഹം അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment