ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം

At Malayalam
4 Min Read

സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരും അവിടൊക്കെ തങ്ങളുടേതായ ഇടം കണ്ടെത്തിയവരുമായ സ്ത്രീകൾ കേരളത്തിൽ ധാരാളമുണ്ട് . സാമൂഹിക- സാംസ്കാരിക -രാഷ്ട്രീയ – ഭരണ രംഗങ്ങളിൽ ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട് . എന്നിരുന്നാലും തെരഞ്ഞെടുപ്പുകളിൽ പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികയിലോ വിജയിച്ചു വരുന്നവരുടെ എണ്ണത്തിലോ ഉള്ള മുൻകാല ചരിത്രം പരിശോധിച്ചു നോക്കിയാൽ സ്ത്രീ സാന്നിധ്യം കുറവു തന്നെയാണ് എന്ന് സമ്മതിക്കേണ്ടിവരും.

കഴിഞ്ഞ പതിനേഴ് പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലെ (1952 – 2019) സ്ത്രീ പ്രാതിനിധ്യം നോക്കുമ്പോൾ , അതിൽ കേരളത്തിൽ നിന്ന് 13 വനിതകളുടെ പേരുണ്ട് . പാർട്ടി അടിസ്ഥാനത്തിൽ നോക്കിയാൽ സംസ്ഥാനത്തു നിന്ന് ഏറ്റവും കൂടുതൽ വനിതാ പ്രതിനിധികളെ പാർലമെൻ്റിൽ എത്തിച്ചിരിക്കുന്നത് സി പി എം ആണ് എന്നു കാണാം . എട്ടു തെരഞ്ഞെടുപ്പുകളിലായി അഞ്ചു വനിതകളെ അവർ പാർലമെൻ്റിലെ പ്രതിനിധികളാക്കി . കോൺഗ്രസ് രണ്ടു പേർക്കും സി പി ഐ ഒരാൾക്കും പാർലമെൻ്റിൽ സ്ഥാനം നൽകിയിട്ടുണ്ട്.

- Advertisement -

കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പായി , സോഷ്യലിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന ടി കെ നാരായണ പിള്ളയെ തോല്പിച്ച് പാർലമെൻ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെത്തിയ മഹതിയാണ് ആനി മസ്ക്രീൻ . മികച്ച അഭിഭാഷകയും സ്വാത്രന്ത്ര്യ സമര പോരാളിയുമായിരുന്ന ആനിയ്ക്ക് , പാർലമെൻ്റിലും തൻ്റെ സാന്നിധ്യം നന്നായി ബോധ്യപ്പെടുത്താനായി.

1967 ൽ എ കെ ജി യുടെ ഭാര്യയും സി പി എം ൻ്റെ സമുന്നത നേതാവുമായിരുന്ന സുശീലാ ഗോപാലൻ മാത്രമാണ് പാർലമെൻ്റിലെത്തിയ മലയാളി വനിത . 1971 ആയപ്പോഴേക്കും ഭാർഗവി തങ്കപ്പൻ എന്ന സി പി ഐ നേതാവിൻ്റെ സാന്നിധ്യം മാത്രമാണ് കേരളത്തിൽ നിന്ന് പാർലമെൻ്റിൽ ഉണ്ടായത് . 1957, 1962 വർഷങ്ങളിൽ കേരളത്തിൽ നിന്ന് വനിതകളാരും തന്നെ ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് 1967, 1971 കാലഘട്ടങ്ങളിൽ നേരിയ മാറ്റമുണ്ടായി എന്നത് എടുത്തു പറയേണ്ടതാണ് . (57, 62 തെരഞ്ഞെടുപ്പുകളിൽ സരോജിനി എന്ന വനിത സ്ഥാനാർത്ഥി കോൺഗ്രസിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതായി കാണുന്നു).

1977 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിവിധ മുന്നണികളിലും അല്ലാതെയുമായി 20 വനിതകൾ മത്സരിച്ചു . പക്ഷേ 20 പേരിൽ ഒരാൾക്കു പോലും വിജയ കിരീടം ചൂടാനായില്ല എന്നത് തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഒരു കൗതുകം കൂടിയാണ് . 1980 ൽ സുശീല ഗോപാലൻ ഒരിക്കൽ കൂടി പാർലമെൻ്റിൽ കേരളത്തിൽ നിന്നുള്ള സ്ത്രീ സാന്നിധ്യമായി . 1984 ൽ ഏഴു വനിതകൾ മത്സരരംഗത്തുണ്ടായിരുന്നു . അതിൽ ഒരു വനിതാ താരവുമുണ്ടായിരുന്നു . മലയാളത്തിൻ്റെ മാധവിക്കുട്ടി . തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു മാധവിക്കുട്ടി മത്സരിച്ചത് . പക്ഷേ 1977ലെ പോലെ തന്നെ തോൽക്കാനായിരുന്നു ഏഴു വനിതകളുടെയും വിധി എന്നു മാത്രം . 2 ,000 വോട്ടുകൾകൾക്കു താഴെ മാത്രമാണ് മലയാളത്തിൻ്റെ പ്രിയ കഥാകാരിക്ക് നേടാനായത് . 1989 ൽ എട്ടു വനിതാ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു.. ആകെ പാർലമെൻ്റ് കാണാൻ അവസരമുണ്ടായത് കോൺഗ്രസ് പ്രതിനിധിയായ സാവിത്രി ലക്ഷ്മണനു മാത്രം.

- Advertisement -

1991 ൽ 10 വനിതകൾ മത്സരിക്കാനെത്തിയെങ്കിലും സി പി എം ൽ നിന്ന് സുശീല ഗോപാലനും കോൺഗ്രസിൽ നിന്ന് സാവിത്രി ലക്ഷ്മണനും മാത്രം ഡെൽഹിക്കു കയറി. 1996 ൽ സി പി എം , സി പി ഐ പാർട്ടികൾ വനിതകളെ നിർത്തിയില്ല . എന്നിട്ടും 10 വനിതകൾ മത്സരിക്കാനുണ്ടായി . കോൺഗ്രസും ജനതാദളും വനിതകൾക്ക് അവസരം നൽകി . പെട്ടി തുറന്നപ്പോൾ എല്ലാ വനിതകളുടേയും പേര് തോറ്റ സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ എഴുതി ചേർക്കേണ്ടി വന്നു .

- Advertisement -

പന്ത്രണ്ടാം ലോക്‌സഭയിലേക്ക് 1998 ൽ തെരഞ്ഞടുപ്പ് ചിത്രം വ്യക്തമായപ്പോൾ 13 വനിതാ സ്ഥാനാർത്ഥികൾ ബാലറ്റു പേപ്പറുകളിൽ വിവിധ മണ്ഡലങ്ങളിൽ നിന്ന് ഉൾപ്പെട്ടു . ഫലം വന്നപ്പോൾ സി പി എം ലെ എ കെ പ്രേമജം മാത്രം ഡെൽഹിയിലേക്കുള്ള ടിക്കറ്റെടുത്തു. 1999 ലെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതിയിൽ പിന്നെയും വന്നു തെരത്തെടുപ്പ് . നോമിനേഷനുകൾ സൂക്ഷ്മ പരിശോധന കഴിഞ്ഞ് അന്തിമ ലിസ്റ്റ് വന്നപ്പോൾ 13 വനിതകളുടെ പേരുമുണ്ട് . 98 ലെ അതേ സ്ഥിതി. വടകര നിന്നും എ കെ പ്രേമജം മാത്രം പാർലമെൻ്റിലേക്ക്.

2004 ൽ തെരഞ്ഞെടുപ്പെത്തി . 15 വനിതകൾ കളം നിറഞ്ഞു . സി പി എം നേതാവ് പി സതീദേവി വടകര നിന്നും വിജയിച്ചു . ഒരു ലക്ഷത്തിലധികം വോട്ടുകൾ എതിരാളിയേക്കാളും അവർ നേടുകയും ചെയ്തു. മാവേലിക്കര മണ്ഡലത്തിൽ സി പി എമ്മിലെ സി എസ് സുജാത കോൺഗ്രസിലെ പ്രമുഖനായ രമേശ് ചെന്നിത്തലയെ മലർത്തിയടിച്ചതും ആ തെരഞ്ഞെടുപ്പിലായിരുന്നു . 2009 ലും 15 വനിതകൾ മത്സരിച്ച് സമ്പൂർണ തോൽവിയടഞ്ഞു.

2014 ൽ കേരളത്തിലാകെ 27 വനിതകൾ സ്ഥാനാർത്ഥികളായി . കെ സുധാകരൻ എന്ന കോൺഗ്രസിൻ്റെ മറ്റൊരു ഉന്നത നേതാവിനെ കണ്ണൂരിൽ സി പി എം ലെ പി കെ ശ്രീമതി പരാജയപ്പെടുത്തി. അത്തവണ കേരളത്തിൽ നിന്നുള്ള ഏക വനിതാ പാർലമെൻ്റംഗവും പി കെ ശ്രീമതി മാത്രമായിരുന്നു . 2019 ൽ 23 വനിതകളെത്തി മത്സരിക്കാൻ . ആലത്തൂരിൽ നിന്ന് കോൺഗ്രസിലെ രമ്യാഹരിദാസ് മാത്രമാണ് വിജയിച്ചത്.

2024 ലെ തെരഞ്ഞെടുപ്പ് ഇതാ എത്തിക്കഴിഞ്ഞു . 25 സ്ത്രീകൾ വിവിധ മുന്നണികളുടെ ഭാഗമായും അല്ലാതെയും മത്സര രംഗത്തുമുണ്ട് . വിജയം ഇവരിൽ ആർക്കൊക്കെയുണ്ടാകും എന്ന് കാത്തിരുന്നു കാണാം.

Share This Article
Leave a comment