ഓർമയിലെ ഇന്ന്; ഏപ്രിൽ – 9, അയിരൂർ സദാശിവൻ

At Malayalam
3 Min Read

പിന്നണി ഗായകൻ അയിരൂർ സദാശിവന്റെ 9-ാം ചരമവാർഷികമാണിന്ന്

പുതു സ്വരങ്ങൾ തേടിയ ദേവരാജൻ മാസ്റ്റർ മലയാളത്തിന് സമ്മാനിച്ച രത്നമായിരുന്നു അയിരുർ സദാശിവൻ . വയലാർ രാമവർമ്മ തന്റെ അമ്മയ്ക്ക് വേണ്ടി എഴുതിയ അമ്മേ അമ്മേ അവിടുത്തെ മുന്നിൽ ഞാനാര് ദൈവമാര്…. എന്ന കവിത തുളുമ്പുന്ന ഗാനം പാടി മലയാള സിനിമ ഗാന രംഗത്തെത്തിയ അയിരൂർ സദാശിവൻ .

- Advertisement -

ഈ വരികൾ പിന്നീട് ചായം എന്ന ചിത്രത്തിനു വേണ്ടി ദേവരാജൻ ഈണം നൽകിയപ്പോൾ മലയാളിക്ക് ലഭിച്ചത് ഒരു അനുഗ്രഹീത ഗായകനെയാണ്.

അമ്മേ അമ്മേ… ചായം 1973 , ശ്രീവൽസം മാറിൽ ചാർത്തിയ… ചായം 1973 , സിംഫണി സിംഫണി… പഞ്ചവടി 1973 , ഉദയസൗഭാഗ്യ താരക… , കൊച്ചുരാമാ കരിങ്കാലീ… അജ്ഞാതവാസം 1973 , മൊഞ്ചത്തിപ്പെണ്ണേ… മരം 1973 , പ്രാണനാഥ എനിക്കു… ധർമ്മയുദ്ധം 1973 , പാലം കടക്കുവോളം… കലിയുഗം 1973 , ചന്ദനക്കുറി ചാർത്തി… അലകൾ 1974 , ശകുന്തളേ… രാജഹംസം 1974 , കസ്തൂരി ഗന്ധികൾ… സേതുബന്ധനം 1974 , അല്ലിമലർ തത്തേ… ശാപമോക്ഷം 1974 , അങ്കത്തട്ടുകളുയർന്ന നാട്… അങ്കത്തട്ട് 1974 , ഗോപകുമാരാ… രഹസ്യരാത്രി 1974 , തങ്കഭസ്മക്കുറി… രഹസ്യരാത്രി 1974 , ഗാനമധു വീണ്ടും… കല്യാണ സൗഗന്ധികം 1975 ., ഉദയതാരക… മറ്റൊരു സീത 1975 , കാമിനി മൗലിയാം… മറ്റൊരു സീത 1975, ഈശ്വരന്മാർക്കെല്ലാം… ലവ് മാര്യേജ് 1975, ജയജയ ഗോകുല… പാലാഴി മഥനം 1975 , സംഗതിയറിഞ്ഞോ… മുച്ചീട്ടുകളിക്കാരന്റെ മകൾ 1975 , ഭഗവാൻ ഭഗവാൻ… / ജന്മദിനം ജന്മദിനം… കൊട്ടാരം വിൽക്കാനുണ്ട് 1975 , അഹം ബ്രഹ്മാസ്മി… അതിഥി 1975 , ഇതിലെ പോകും കാറ്റിനു പോലും… വിപഞ്ചിക 1984 , ആനന്ദമൂർത്തേ… പമ്പാനദി 1985…. ഉൾപ്പെടെ കുറച്ച് നല്ല ഗാനങ്ങൾ പാടി വ്യത്യസ്തനായി .

1939 ജനുവരി 19ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ പദ്മനാഭന്റെയും കുഞ്ഞിക്കുട്ടിയുടേയും അഞ്ചു ആൺമക്കളിൽ ഏറ്റവും മൂത്തവനായി
ജനിച്ചു . അച്ഛനും മുത്തച്ഛനും കലാരംഗത്തു പ്രവർത്തിച്ചിരുന്നു . മുത്തച്ഛൻ കൃഷ്ണൻ ആചാരി തിരുവിതാംകൂർ കൊട്ടാരം ചിത്രകാരനും ഭാഗവതരുമായിരുന്നു . ആണ്ടിപ്പിള്ള ഭാഗവതർ , നാഗസ്വരവിദ്വാൻ കുഞ്ചുപ്പണിക്കരാശാൻ , കുട്ടപ്പൻ ഭാഗവതർ , ഹരിപ്പാട് ഗോപി ഭാഗവതർ എന്നിവരിൽ നിന്നുമായിരുന്നു സംഗീതാഭ്യസനം ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ അടുത്ത സുഹൃത്തായിരുന്നു . സ്കൂൾ ഫൈനൽ പാസായ ശേഷം തിരുവനന്തപുരത്ത് കെ എസ് . കുട്ടപ്പൻ ഭാഗവതരുടെ വീട്ടിൽ താമസിച്ച് സംഗീത പഠനം നടത്തി . 12 വയസ്സ് മുതൽ അമച്വർ നാടകങ്ങളിൽ പാടാൻ തുടങ്ങിയിരുന്നു . തുടർന്ന് എം കെ അർജുനന്റെയൊപ്പം നാടക ഗാനരംഗത്തു പ്രവർത്തിച്ചു .

- Advertisement -

ഡാൻസർ ചന്ദ്രശേഖരൻ നായരുടെ ഓപ്പറാ ഹൗസിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീത്തിലാണ് സദാശിവൻ പാടി തുടങ്ങിയത് . തുടർന്ന് ചങ്ങനാശേരി ഗീഥയിലും , കെ പി എ സി , കോട്ടയം നാഷണൽ തിയേറ്റേഴ്സ് , ചങ്ങനാശേരി ഗീഥാ , കാളിദാസ കലാകേന്ദ്രം എന്നീ സമിതികളിൽ പാടിയ സദാശിവനെ സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിക്കുന്നത് ദേവരാജനാണ്. കെ പി എ സി യുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ആലുംമൂടൻ , കോട്ടയം ചെല്ലപ്പൻ , ഖാൻ തുടങ്ങിയവർ കോട്ടയത്ത് നാഷനൽ തിയേറ്റേഴ്സ് എന്ന നാടകട്രൂപ്പ് തുടങ്ങിയപ്പോൾ സദാശിവനും കൂടെച്ചേർന്നു .1973 ൽ മരം എന്ന ചിത്രത്തിൽ ജി ദേവരാജൻ സംഗീതം നൽകിയ മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട്…. എന്ന ഗാനം പാടി ഈ രംഗത്തേയ്ക്ക് കടന്നുവന്നു . അജ്ഞാതവാസം , കലിയുഗം , പഞ്ചവടി , കൊട്ടാരം വിൽക്കാനുണ്ട് , രാജഹംസം തുടങ്ങി 25 ലധികം ചിത്രങ്ങളിൽ പാടി . കൂടാതെ നിരവധി ഭക്തിഗാന കാസറ്റുകൾക്കും സംഗീതം നൽകിയിട്ടുണ്ട്.

- Advertisement -


കേരളത്തിലെ സ്റ്റേജ് കലാകാരന്മാരുടെ സംഘടനയായ സവാക്കിന്റെ വൈസ് പ്രസിഡന്റും ആകാശവാണിയിൽ സംഗീത സംവിധായകനും ഓഡിഷൻ കമ്മറ്റി അംഗവും ആയിരുന്നു . നിരവധി ലളിത ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട് . 1984ൽ നിർമ്മിച്ച ഇനിയും പുറത്തിറങ്ങാത്ത വിപഞ്ചിക എന്ന ചിത്രത്തിനും ഈണം പകർന്നു . 1982 ൽ ചലച്ചിത്രപരിഷത്ത് കമ്മിറ്റി ഏർപ്പെടുത്തിയ വിലക്കാണ് സദാശിവനെ സിനിമയിൽ നിന്ന് തഴയപ്പെടാൻ കാരണമായത് . ബോംബെ മലയാളി അസോസിയേഷൻ നടത്തിയ ഒരു സ്റ്റാർനൈറ്റുമായി ബന്ധപ്പെട്ട് കമ്മിറ്റിയെ ധിക്കരിച്ചു എന്നതാണ് കാരണം. എന്നാൽ വിലക്കിനെ തുടർന്ന് സംഗീതത്തിൽ നിന്ന് പിൻമാറാൻ സദാശിവൻ തയ്യാറായിരുന്നില്ല . സൂപ്പർ മെലഡി എന്ന ഗാനമേള ട്രൂപ്പ് നടത്തി നാടകങ്ങളിലും ഗാനമേളകളിലും കൂടുതൽ സജീവമായി . 2015 ഏപ്രിൽ 9ന് ചങ്ങനാശേരി-ആലപ്പുഴ റോഡിലുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment