ഒരു ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റി രണ്ട് പരാതികളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സി വിജിൽ ആപ്പ് നിറഞ്ഞു കവിയുന്നു . പെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ കമ്മിഷനെ നേരിട്ടറിയിക്കുന്നതിനുള്ള സംവിധാനമാണിത്. പരാതികളിൽ കാലവിളംബം കൂടാതെ നടപടിയുണ്ടാകുമെന്നതാണ് സി വിജിൽ അഥവാ സിറ്റിസൺസ് വിജിൽ ആപ്ലിക്കേഷൻ്റെ സവിശേഷത . ചട്ട ലംഘനം സംബന്ധിച്ച ചിത്രങ്ങൾ , ചെറിയ വീഡിയോ എന്നിവ ഇതിൽ അപ് ലോഡ് ചെയ്യാനാകും . ഒരു മണിക്കൂർ 40 മിനിറ്റിനുള്ളിൽ (100 മിനിറ്റ് ) നടപടിയുറപ്പാണ് എന്ന് ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ പറയുന്നു . ഫോട്ടോയ്ക്കും വീഡിയോക്കുമൊപ്പം പരാതി സംബന്ധിച്ച ചെറിയ കുറിപ്പു കൂടിയുണ്ടാകണം.
വിജ്ഞാപനം വന്ന മാർച്ച് 16 മുതൽ ഇന്നലെ (ഏപ്രിൽ 7 ) വരെയുള്ള 107 202 പരാതികളിൽ 105 356 പരാതികൾ തീർപ്പാക്കി . കാമ്പില്ലന്ന് കണ്ട 1663 പരാതികൾ തള്ളിക്കളഞ്ഞു . 183പരാതികൾ ഉടൻ പരിഹരിക്കും. മുൻ കൂർ അനുവാദം വാങ്ങാതെ ബാനർ , പോസ്റ്റർ എന്നിവ പതിപ്പിച്ചത് , സ്വത്തുക്കൾ ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായി നശിപ്പിച്ചത് എന്നിവ സംബന്ധിച്ച പരാതികളാണ് കൂടുതൽ . വോട്ടർക്ക് സമ്മാനം / പണം / മദ്യം നൽകൽ , ആയുധങ്ങൾ കൈവശം വയ്ക്കുക , പരസ്പ്പര വിദ്വേഷമുണ്ടാക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങൾ എന്നിവ സംബന്ധിച്ച പരാതികളുമുണ്ട്.
സി വിജിൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. തെരഞ്ഞെടുപ്പ് പ്രചാരണം മുറുകി വരുന്ന ഘട്ടത്തിൽ ഇനിയും ആപ്പിൽ പരാതികളുടെ പ്രളയമാകാൻ തന്നെയാണ് സാധ്യത.