കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ 95-ാം ജന്മവാർഷികദിനമാണിന്ന്.
കഥകളിയിലെ സമകാലീന തെക്കൻ കളരിയുടെ പരമാചാര്യനും അനുഗൃഹീത നടനുമായിരുന്നു പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ . തെക്കൻ കളരി സമ്പ്രദായത്തിന്റെ അവതരണചാരുതകൾ കാത്തുസൂക്ഷിക്കുകയും അനന്തര തലമുറയിലേക്കു കൈമാറുകയും ചെയ്ത പ്രതിഭാശാലിയാണ് അദ്ദേഹം . പുരാണബോധം , മനോധർമ്മവിലാസം , പാത്രബോധം , അരങ്ങിലെ സൗന്ദര്യസങ്കൽപ്പം തുടങ്ങിയവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കി . താടിവേഷങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും ചാതുര്യം തെളിയിച്ചു . രൗദ്രവും ശ്ര്യുംഗാരവും ഒരു പോലെ സമ്മേളിക്കുന്ന അഭിനയ പ്രധാനമായ തെക്കൻ കളരിസമ്പ്രദായ ചിട്ടകൾ പിൻതുടരുന്ന അദ്ദേഹം താടിവേഷങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളി വേഷങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചു .
തിരുവനന്തപുരം ജില്ലയിലെ മടവൂർ കാരോട് പുത്തൻവീട്ടിൽ രാമക്കുറുപ്പിന്റെയും കിളിമാനൂർ പോങ്ങനാട് ചാങ്ങയിൽ കല്യാണിയമ്മയുടെയും മകനായി 1929 ഏപ്രിൽ 7 ന് ജനിച്ചു . കിളിമാനൂർ സി എം എസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ മടവൂർ പരമേശ്വരൻ ആശാന്റെ ശിക്ഷണത്തിൽ ഗുരുകുല സമ്പ്രദായത്തിൽ കഥകളി അഭ്യസിച്ചു തുടങ്ങി . പഠനമാരംഭിച്ച് ആറാം മാസത്തിൽ തന്നെ ഉത്തരാസ്വയംവരത്തിൽ ഭാനുമതിയും തുടർന്ന് ഉത്തരനും ആയി അരങ്ങേറ്റം . ചെങ്ങന്നൂർ രാമൻപിള്ളയുടെ വീട്ടിൽ ഗുരുകുലസമ്പ്രദായമനുസരിച്ച് 12 വർഷം നീണ്ട കഥകളിയഭ്യസനമാണ് മടവൂരിലെ പ്രതിഭയ്ക്കു മാറ്റുകൂട്ടിയത് .
ബാണയുദ്ധത്തിലെ ബാണൻ , തെക്കൻ രാജസൂയത്തിലെ ജരാസന്ധൻ (കത്തി) , ഉത്തരാസ്വയംവരത്തിലെ ദുര്യോധനൻ , തോരണയുദ്ധം , കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാൻ , രംഭാപ്രവേശത്തിലെ രാവണൻ , ദുര്യോധനവധത്തിലെ ദുര്യോധനൻ , ബാണയുദ്ധത്തിലെ അനിരുദ്ധൻ , സന്താനഗോപാലത്തിലെ അർജുനൻ , പട്ടാഭിഷേകത്തിലെ ഭരതൻ , ശങ്കരവിജയത്തിലെ ബാലശങ്കരൻ തുടങ്ങിയ വേഷങ്ങളിൽ ഏറെ ശ്രദ്ധ നേടി. കേരളകലാമണ്ഡലം പുരസ്കാരം , തുളസീവനം പുരസ്കാരം , സംഗീതനാടക അക്കാദമി പുരസ്കാരം , കേന്ദ്ര സർക്കാർ ഫെലോഷിപ്പ് , കോട്ടക്കൽ ആര്യവൈദ്യശാലയുടെ രംഗകുലപതി പുരസ്കാരം , കലാദർപ്പണ പുരസ്കാരം , ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി പുരസ്കാരം , 1997ൽ കേരള ഗവർണറിൽ നിന്നും വീരശൃംഖല തുടങ്ങിയവയും നേടിയിട്ടുണ്ട് . 1968ൽ കലാമണ്ഡലത്തിൽ അധ്യാപകനായി . 1977 വരെ തെക്കൻ സമ്പ്രദായത്തിന്റെ പ്രധാന അധ്യാപകനായിരുന്നു .
പിന്നീട് ഗുരു ചെങ്ങന്നൂർ ആശാൻ എം കെ കെ നായർ പകൽക്കുറി കലാഭാരതി അക്കാദമി ആരംഭിച്ചപ്പോൾ കലാമണ്ഡലത്തിൽ നിന്നു രാജിവച്ച് അവിടെ പ്രിൻസിപ്പലായി . “ആവശ്യം വന്നാൽ ചേങ്ങിലയോ കൈമണിയോ എടുത്ത് അരങ്ങു നിയന്ത്രിക്കാൻ കഴിവുള്ള ആൾ” എന്ന് കെ പി എസ് മേനോൻ വിലയിരുത്തിയ മടവൂർ കർണ്ണാടകസംഗീതത്തിലും അവഗാഹമുള്ള പ്രതിഭയായിരുന്നു . കർണാടക സംഗീതത്തിൽ മികവുകാട്ടിയ അദ്ദേഹം ഓൾ ഇന്ത്യാ റേഡിയോയിൽ കഥകളിപ്പദങ്ങൾ പാടിയിട്ടുണ്ട് . 2018 ഫെബ്രുവരി 6-ന് കൊല്ലം ജില്ലയിലെ അഞ്ചൽ അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിൽ രാവണവിജയം കഥകളിയിൽ രാവണന്റെ വേഷം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അണിയറയിലേക്കു മടങ്ങിയ വാസുദേവൻ നായർ മരണത്തിനു കീഴടങ്ങുകയായിരുന്നു.