ഓർമയിലെ ഇന്ന്; മാർച്ച് – 28, ഐ വി ശശി

At Malayalam
3 Min Read

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്മേക്കർ ഐ.വി. ശശിയുടെ 76-ാം ജന്മവാർഷികമാണിന്ന്.

ആളെ കൂട്ടി സിനിമ എടുക്കാനും തിയറ്ററുകളിൽ ആളെ കൂട്ടാനും കഴിവുള്ള മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്മേക്കറായ ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി.ശശി മലയാളികളുടെ പ്രിയ സംവിധായകനാണ്.

- Advertisement -

മലയാള സിനിമയുടെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചാ വഴികള്‍ അടയാളപ്പെടുത്തിയ ശശിയുടെ സിനിമകള്‍ സിനിമാസ്വാദകർക്കും പ്രവർത്തകർക്കും എന്നും ഒരു പാഠപുസ്തകമാണ്. 1975 മുതല്‍ 2009 വരെ നീണ്ടു നിന്ന കരിയറിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 150 ല്‍ പരം ചിത്രങ്ങള്‍ ഒരുക്കിയ ഐ.വി. ശശിയുടെ റെക്കോഡ് ഭേദിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

1948 മാർച്ച് 28 ന് കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ഐ.വി. ചന്ദ്രന്റെയും (ചന്തു) കൗസല്യയുടെയും മകനായി ജനനം. ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. 27-ാം വയസ്സിൽ സംവിധായകനായെങ്കിലും 1975ല്‍ പുറത്തിറങ്ങിയ ഉത്സവം എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. 1977ല്‍ മാത്രം 12 സിനിമകള്‍ പുറത്തിറക്കി. ഇതില്‍ 8 എണ്ണവും ഹിറ്റുകളായി. ആലപ്പി ഷെറീഫിന് പുറമെ പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും 7 വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു. 1982ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി.

ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കലാസംവിധായകന്‍ എസ്. കൊന്നനാട്ടിന്റെ സഹായിയായി മദ്രാസിലെത്തിയപ്പോള്‍ അഭിനയത്തേക്കാള്‍ ശശിയെ മോഹിപ്പിച്ചത് സംവിധായകന്റെ ഇരിപ്പിടമായിരുന്നു. അന്ന് മറ്റ് പല സംവിധായകരുടെ പേരുകളിലും പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ യഥാർത്ഥത്തിൽ ഐ.വി. ശശിയായിരുന്നു. കലാസംവിധായകന്‍, ക്യാമറമാന്‍, സഹസംവിധായകന്‍ ഒടുവില്‍ ആ സ്വപ്ന സാക്ഷാത്കാരത്തില്‍ എത്തി.

- Advertisement -

പ്രേംനസീറോ മധുവോ ഇല്ലാത്ത ചിത്രത്തെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്താണ് കെ.പി. ഉമ്മറിനെ പ്രധാന കഥാപാത്രമാക്കിയ ‘ഉത്സവം’ ഐ.വി. ശശി ഒരുക്കിയത്. എഴുപതുകളിലെ ന്യൂജനറേഷൻ തരംഗത്തിന് തുടക്കമിട്ട ആ പരിണാമത്തിന്റെ തുടർച്ചയായി പിന്നീടൊരിക്കലും ആവർത്തിക്കാനാവാത്ത ഐ.വി.ശശിയും ഷെരീഫുംകൂടി സൃഷ്ടിച്ച അവളുടെ രാവുകൾ വലിയ തരംഗം സൃഷ്ടിച്ചു. സിനിമ എന്നും ജീവവായുവായിരുന്ന,
മലയാള സിനിമയുടെ വളര്‍ച്ചയില്‍ ഒരു പ്രത്യേക കാറ്റഗറിയില്‍ തളച്ചിടാന്‍ കഴിയാത്ത ഐ.വി. ശശി കലാമൂല്യവും വാണിജ്യതന്ത്രങ്ങളും ചേര്‍ന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി. അന്നും ഇന്നും സിനിമാലോകം ചര്‍ച്ച ചെയ്യുന്ന ‘അവളുടെ രാവുകൾ ഐ.വി. ശശിയുടെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ്. 1978ലെ ഈ മഹാവിജയം .ഹിന്ദിയടക്കം നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അഭിനന്ദനം, അയൽക്കാരി, ഇണ, ഈറ്റ, ആറാട്ട്, മീൻ, കരിമ്പന, തുഷാരം, തൃഷ്ണ, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്പെക്ടര്‍ ബല്‍റാം, ദേവാസുരം, വർണ്ണപ്പകിട്ട്, അനുഭൂതി തുടങ്ങി സംവിധാനം ചെയ്തതിൽ കൂടുതൽ സിനിമകളും “അ”എന്നക്ഷരത്തിൽ തുടങ്ങുന്നതാണ്. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. നടി സീമയാണ് ഭാര്യ. ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയുടെ സെറ്റിൽ വച്ചാണ് സീമയെ പരിചയപ്പെടുന്നത്. അതിനു ശേഷം ശശിയുടെ നിരവധി സിനിമകളിൽ സീമ നായികയായിരുന്നു. ഏകദേശം മുപ്പതോളം സിനിമകളിൽ ഒന്നിച്ചുണ്ടായിരുന്നു. ഇവർക്ക് അനു, അനി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2017 ഒക്ടോബർ 24-ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment