ആൾ ജീവിതമെന്ന ആടു ജീവിതം

At Malayalam
1 Min Read

ഒരാളുടെ തീഷ്ണമായ ജീവിതാനുഭവങ്ങൾ മറ്റൊരാളോട് എങ്ങനെയൊക്കെ പറഞ്ഞാലും അത് കേൾവിക്കാരന് എത്രത്തോളം ഉൾക്കൊള്ളാനാകും എന്നതിൻ്റെ ഉത്തരമാണ് ആറാട്ടുപുഴക്കാരൻ നജീബും എഴുത്തുകാരനായ ബെന്യാമിനും. ജീവിതത്തിൽ പച്ചപ്പുണ്ടാക്കാൻ മരുഭൂമിയിലേക്ക് വിമാനം കയറിയ നജീബ് എന്ന ചെറുപ്പക്കാരൻ പെട്ടുപോയ നരക ജീവിതത്തിൻ്റെ നേരൊട്ടും ചോർന്നുപോകാതെ കടലാസിൽ പകർത്താനായി ബെന്യാമിന്. പുസ്തകം ജനപ്രിയമായി .നജീബിനെ, നജീബ് നയിച്ച ആടുജീവിതത്തെ ലോകമറിഞ്ഞു. ഒന്നാം ഘട്ടം അവിടെ കഴിഞ്ഞു.

ആടുജീവിതം എന്ന പുസ്തകവും അതിനെ അധികരിച്ച് തയ്യാറാക്കിയ തിരക്കഥയും കയ്യിലെടുത്ത് ബ്ലെസി എന്ന ചലച്ചിത്രകാരൻ നടന്ന ദൂരങ്ങളും നേരിട്ട വിഷമങ്ങളും അത്ര ചെറുതൊന്നുമായിരിക്കില്ല . അതറിയണമെങ്കിൽ ആ ചലച്ചിത്രത്തിലേക്കുള്ള വഴികൾ തേടണം , അതിനു പിന്നിലെ അത്യധ്വാനങ്ങളറിയണം. നജീബിൻ്റെ ജീവിതത്തിലെ ആടുവഴികൾ ബെന്യാമിൻ കണ്ടതു പോലെ, പകർത്തിയതു പോലെ.

പ്രൃഥ്വിരാജ് നജീബായി , നജീബ് പ്രൃഥ്വിരാജും. പ്രൃഥ്വിരാജ്, താങ്കൾ നടനെന്ന നിലയിൽ ഇനിയും വളരും ; വളരുക തന്നെ വേണം. നജീബ് ആ വളർച്ചയിലെ ബലമുള്ള ഒരു ചവിട്ടുപടിയായി താങ്കൾക്കൊപ്പം ഇനി എല്ലാ കാലവും ഉണ്ടാകും. അതിൽ ചവിട്ടി താങ്കൾക്കിനി മുകളിലേക്ക് പോകാം . ഒരു നടനെ സംബന്ധിച്ച് അയാളുടെ ശരീരം അതി പ്രധാനം തന്നെ എന്നതിൽ സംശയമില്ല .രക്ഷപ്പെടാനായി, ഇട്ടിരുന്ന വേഷം അഴിച്ചെറിഞ്ഞ് പൈപ്പിൻ ചുവട്ടിലേക്ക് നജീബ് വേച്ചു വേച്ചു നടന്നപ്പോൾ, പണ്ടെങ്ങോ ഊരിവച്ച പാൻ്റ്സ് പാകമല്ലെന്നു കണ്ട് അതിൽ കയറു ചുറ്റി അരയിൽ ഉടുത്തു വയ്ക്കുമ്പോൾ തിയറ്ററിൽ ഉയരുന്ന കയ്യടി താങ്കളിലെ നടനുള്ളതല്ല , നജീബാകാൻ താങ്കൾ എടുത്ത കഠിനമായ അധ്വാനത്തിനുള്ളതാണ്.

പുസ്തകത്തിലും ചലച്ചിത്രത്തിലും ഉപയോഗിച്ച വാചകങ്ങൾ കടമെടുക്കട്ടെ. തിയറ്ററിലെ കാഴ്ചാനുഭവം എത്ര മനോഹരമായി ഒരാൾ മറ്റൊരാളോട് പറഞ്ഞാലും, കേൾവിക്കാരന് അത് വെറും കെട്ടുകഥയായേ തോന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment