മാന്നാർ മത്തായിച്ചൻ പോയിട്ട് ഒരാണ്ടായി

At Malayalam
3 Min Read

സ്വന്തം പെങ്ങളെ ,കൊള്ളാവുന്ന ഒരാൾ പെണ്ണുകാണാൻ വരുമ്പോൾ മുറിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങാതെ , അങ്ങനെ ഒരാൾ കൂടി അവിടെയുണ്ടെന്നറിയിക്കാതെ അയാൾ കതകടച്ചിരുന്നു. അതിനു പ്രതിഫലമായി, കാണാൻ വന്ന ചെക്കനെ സൽക്കരിച്ചതിൽ ബാക്കി വന്ന ഒരു കഷണം കേക്ക് പെങ്ങൾ അയാൾക്ക് സ്നേഹത്തോടെ നൽകി. കൈ നീട്ടി അത് വാങ്ങി അയാൾ കഴിച്ചു. ആ സമയത്ത് അയാൾ പുറത്തു വന്നിരുന്നെങ്കിൽ, ഇതും പെണ്ണിൻ്റെ ഒരു സഹോദരനാണെന്നും പ്രത്യേകിച്ച് വേലയും കൂലിയുമൊന്നുമില്ലാതെ തെക്കുവടക്ക് നടക്കുകയാണെന്നും വരൻ്റെ വീട്ടുകാരോട് പറയേണ്ടി വരുന്ന അവസ്ഥ ഒഴിവായി കിട്ടിയതിൻ്റെ സ്നേഹ സമ്മാനം കൂടിയായിരുന്നത്രേ ആ കേക്കിൻ കഷണം.
ഇത് ഏതെങ്കിലും ജനപ്രിയ കുടുംബ ചിത്രത്തിലെ രംഗമൊന്നുമല്ല. തൃശൂർ ഇരിങ്ങാലക്കുടയിലുള്ള തെക്കേത്തല വറീതിൻ്റെ വീട്ടിൽ നടന്ന യഥാർത്ഥ സംഭവമാണ്. കഥയിലെ നായകനാകട്ടെ വറീതിൻ്റെ പുത്രനായ ഇന്നസെൻ്റും . അതേ നമ്മളറിയുന്ന ഇന്നസെൻ്റു തന്നെ.

എന്തിൽ തൊട്ടാലും ഏതിൽ പിടിച്ചാലും പാളിപ്പോകുന്ന കൗമാര – യൗവനകാലം. എട്ടാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കി. അത്യാവശ്യം കാര്യങ്ങളൊക്കെ അന്നേ മനസിലാക്കി ,പിന്നേം അവിടെ ചുറ്റിത്തിരിയണ്ടല്ലോ എന്നാണ് അതേപ്പറ്റിയുള്ള ഇന്നസെൻ്റ് ഭാഷ്യം. അപ്പൊ തന്നെ അത്യാവശ്യം കുടുംബം നോക്കേണ്ട പ്രായമായത്രേ. പക്ഷേ ഒന്നിലും ഉറയ്ക്കാനാവുന്നില്ല. ഇടയ്ക്ക് നാട്ടിൻ പുറത്തെ ചെറിയ നാടകങ്ങളിൽ വേഷമിട്ടു. എന്താകാൻ ? സാമാന്യം നല്ല പേരുദോഷം അവിടെയുമുണ്ടാക്കിയത്രേ. വറീതിൻ്റെ മറ്റു മക്കളൊക്കെ നന്നായി പഠിക്കുന്നവർ, കഴിവുള്ളവർ….. നാട്ടുകാരെ എങ്ങനെ കുറ്റം പറയും.

പിഴവുകളുടെയും പരാജയങ്ങളുടേയും ഒടുവിൽ അയാൾ തമിഴ്നാട്ടിലെത്തി. പിതാവ് നൽകിയ കുറച്ചു പണമുണ്ട് കയ്യിൽ. മറ്റു ചിലർക്കൊപ്പം കൂടി തീപ്പെട്ടി കമ്പനി തുടങ്ങി. കുഴപ്പമില്ലന്ന് ആദ്യം തോന്നിയെങ്കിലും പതിവു പരിപാടികൾ ആവർത്തിച്ചു. തോൽവി തന്നെ; തോൽവി സമ്മതിച്ചു. ഇതൊന്നും തനിക്കു ചേരില്ല എന്ന തിരിച്ചറിവുമുണ്ടായി. ജന്മസിദ്ധമായി കിട്ടിയ കല തന്നെ ജീവിതം എന്നറിയുന്നു , അത് തിരഞ്ഞെടുക്കുന്നു. ശേഷം സ്ക്രീനിൽ .

ഒപ്പം കൂടിയ ഡേവിഡ് കാച്ചപ്പിള്ളിയേയും കൂട്ടി സിനിമാ നിർമാണം തുടങ്ങി. സുഹൃത്തു കൂടിയായിരുന്ന സംവിധായകൻ മോഹൻ്റെ പിന്തുണയിൽ 1972 ൽ എ ബി രാജ് സംവിധാനം ചെയ്ത നൃത്തശാലയിൽ ചെറിയ ഒരു വേഷം ചെയ്ത മുൻപരിചയം തന്നെയായിരുന്നു മുഖ്യ മുതൽ കൂട്ട് . 1981 ൽ വിട പറയും മുമ്പേ എന്ന ചിത്രം പ്രേം നസീർ, നെടുമുടി വേണു എന്നിവരെ പ്രധാനികളാക്കി മോഹൻ സംവിധാനം ചെയ്തു. നിർമാണം ഡേവിഡ് കാച്ചപ്പിള്ളി – ഇന്നസെൻ്റ് എന്ന് തിരിശീലയിൽ തെളിഞ്ഞു . പടം ഹിറ്റായി. 1982 ൽ ഓർമയ്ക്കായ് വന്നു, പിന്നാലെ ഇളക്കങ്ങൾ, 1983 ൽ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എത്തി. എല്ലാ ചിത്രങ്ങളിലും ഇന്നസെൻ്റ് അഭിനയിക്കുകയും ചെയ്തിരുന്നു. ആ കെയറോഫിൽ അത്യാവശ്യം വേഷങ്ങൾ സിനിമകളിൽ കിട്ടിതുടങ്ങി.

- Advertisement -

നമ്മൾ അറിയുന്ന ഇന്നസെൻ്റ് ശരിക്കും ആരായിരുന്നു ? എല്ലാവരും ഇഷ്ടപ്പെടുന്ന ,എല്ലാവരേയും ചിരിപ്പിക്കുന്ന മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച നടൻ?ചാലക്കുടിയിൽ നിന്നുള്ള പാർലമെൻ്റംഗം ? അതോ സൂപ്പർ മെഗാ താരങ്ങൾ മുതൽ ദിവസക്കൂലിക്ക് മുഖത്ത് ചായം തേയ്ക്കുന്ന അഭിനേതാക്കൾ വരെ അംഗങ്ങളായ അമ്മ എന്ന താര സംഘടനയെ കനത്ത തിരമാലകളിൽ നിന്നും പേമാരിയിൽ നിന്നും വലിയ കേടുപാടുകളില്ലാതെ 12 കൊല്ലം കൊണ്ടു നടന്ന കപ്പിത്താനായിട്ടാണോ ? ഇന്നസെൻ്റിനെ അങ്ങനെ പലതുമായി കാണാൻ കഴിയുമായിരിക്കും. എന്നാൽ നമ്മൾ സാധാരണക്കാർക്ക്, അദ്ദേഹം സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ നാട്ടിൻപുറത്തുകാരനാണ്. കിട്ടുണ്ണിയാണ്, ജോണി വെള്ളിക്കാലയാണ്, മത്തായിച്ചനാണ്, മനസിനക്കരെയിലെ അപ്പനാണ് , മിഥുനത്തിലെ തൊട്ടാൽ പറപ്പിക്കുന്ന ചേട്ടനാണ്, വീഴ്ചയുടെ ആഘാതത്തിൽ മുഖത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന ടൂത്ത് പേസ്റ്റു കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന കെ കെ ജോസഫാണ് , അഞ്ഞൂറാൻ്റെ മകൻ സ്വാമിയേട്ടനാണ്, കുരുവിയാണ്, ദാസനും വിജയനും സഹായിയായി പണി വേടിക്കുന്ന പുത്തൻ പുരയിൽ ബാലനാണ്. ഞങ്ങൾക്കിതൊക്കെ തന്നെ ധാരാളമാണ് ഇന്നസെൻ്റേട്ടാ…. ഒരു ജന്മം മുഴുവൻ ഓർത്തും പറഞ്ഞും ചിരിയ്ക്കാൻ…. ചിന്തിയ്ക്കാൻ. ഈ ഓർമദിനത്തിൽ ഒരു കുഞ്ഞു മെഴുകുതിരി അങ്ങയുടെ കാൽ ചുവട്ടിൽ കൊളുത്തിവയ്ക്കുന്നു… നന്ദി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment