മദ്യപിച്ചു ലക്കുകെട്ട് വീടിനു മുന്നിൽ കിടന്നയാളുടെ ദേഹത്ത് അബദ്ധത്തിൽ വാഹനം കയറ്റിയിറക്കിയ വ്യാപാരി അറസ്റ്റിലായി. തൃശൂരിൽ ജ്യുവലറി നടത്തുന്ന വിശാലാണ് പ്രതി. വാഹനം ദേഹത്തു കയറിയിറങ്ങി എന്ന് മനസിലായപ്പോൾ വിശാൽ മൃതദേഹം വാഹനത്തിൽ കയറ്റി പാടത്ത് ഉപേക്ഷിയ്ക്കുകയും ചെയ്തു. ബോധപൂർവമല്ലാത്ത നരഹത്യയ്ക്കും തെളിവു നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തൃശൂർ കുറ്റുമുക്കിനടുത്തുള്ള പാടത്ത് കൊല്ലങ്കോട് സ്വദേശി രവിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രവിയുടെ ശരീരത്തിൽ കൂടി വാഹനം കയറിയിറങ്ങിയതായി സംശയം പറഞ്ഞിരുന്നു. തുടർന്ന് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസ് അപകടമുണ്ടാക്കിയത് വിശാലിൻ്റെ വാഹനമാണെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.