റാം C/O ആനന്ദി’യുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്കി എഴുത്തുകാരനും തിരക്കഥാകൃത്തുമായ അഖില്‍ പി. ധര്മജന്. സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന നോവല്‍ ‘റാം C/O ആനന്ദി’ പുസ്തകത്തിന്റെ വ്യാജപതിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നോവല്‍ മുഴുവനായും സ്കാന്‍ ചെയ്ത് പി.ഡി.എഫ്. രൂപത്തിലാക്കി ആളുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യപ്പെടുകയാണെന്നും എങ്ങനെയെങ്കിലും പുസ്തകവില്പന അവസാനിപ്പിക്കുകയും തന്നെ മാനസികമായി തകര്‍ക്കുകയും ചെയ്യുന്നതോടെ വിജയിച്ചു എന്ന തോന്നലാവും ഇവര്‍ക്കെല്ലാം എന്നും അഖില്‍ പറയുന്നു.
ടെലിഗ്രാം ഗ്രൂപ്പുകളും വാട്സാപ്പ് ഗ്രൂപ്പുകളുമെല്ലാം സൈബര്‍ സെല്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരെങ്കിലും തന്റെ പുസ്തകത്തിന്റെ വ്യാജ പതിപ്പ് എവിടെയെങ്കിലും പ്രചരിപ്പിക്കുന്നത് കണ്ടാല്‍ ഉടന്‍തന്നെ അറിയിക്കണമെന്നും, പുസ്തകത്തിന്റെ പ്രസാധകരായ ഡി.സി. ബുക്സ് നേരത്തെ നല്കിയ പരാതിയില്‍ ചിലരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കുറിപ്പില്‍ അഖില്‍ പി. പി. ധര്മജന് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

