കവിതയിലും പാട്ടിലും പൂക്കാലം തീര്‍ത്ത കവി യൂസഫലി കേച്ചേരിയുടെ 9-ാം ചരമവാർഷികം .
കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്… എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് യൂസഫലി കേച്ചേരി.
പച്ചമലയാളത്തിലെഴുതുമ്പോഴും സംസ്കൃതത്തിൽ എഴുതുമ്പോഴും മലയാള ഭാഷയെ ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിഞ്ഞ ആധുനിക യുഗത്തിലെ മലയാളകവികളിൽ പ്രമുഖനായ യൂസഫലി കേച്ചേരി 1934 മെയ് 16-ന് തൃശ്ശൂർ ജില്ലയിലെ കേച്ചേരി ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നും ബി.എ. പിന്നീട് ബി.എൽ നേടി വക്കീലായി ജോലി ചെയ്തിട്ടുണ്ട്.
1954-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ് യൂസഫലിയുടെ ആദ്യ കവിത ‘കൃതാർത്ഥൻ ഞാൻ’ പ്രസിദ്ധീകരിച്ചത്. സംസ്കൃതപണ്ഡിതനായ കെ.പി. നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ച യൂസഫലി 1962-ലാണ് ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് കടന്നുവരുന്നത്.
രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘മൂടുപടം’ എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനങ്ങൾ രചിച്ചത്. തുടർന്ന് 200-ലധികം മലയാള സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. 2015 മാർച്ച് 21-ന് അന്തരിച്ചു.
ഇക്കരെയാണെന്റെ താമസം…..
ഓമലാളെ കണ്ടു ഞാൻ…
പതിനാലാം രാവുദിച്ചത്….
സ്വർഗ്ഗം താണിറങ്ങി വന്നതോ….
കടലേ നീലക്കടലേ….
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ….
അനുരാഗ കളരിയിൽ….
മുറുക്കി ചുവന്നതോ…
അമ്പലക്കുളത്തിലെ ആമ്പൽ പോലെ….
മാരന്‍ കൊരുത്ത മാല…
അക്കരെ ഇക്കരെ നിന്നാലെങ്ങനെ….
ഗേയം ഹരിനാമധേയം….
കൃഷ്ണ കൃപാ സാഗരം….
ജാനകീ ജാനേ രാമാ….
എഴുതിയതാരാണ് സുജാത….
എന്തു ഭംഗി നിന്നെ കാണാൻ…
കണ്ണീർ മഴയത്ത്…
അനുരാഗം ഗാനം പോലെ…
സുറുമയെഴുതിയ മിഴികളെ….
പേരറിയാത്തൊരു നൊമ്പരത്തെ….
സ്വര രാഗ ഗംഗാ പ്രവാഹമേ….
തുടങ്ങി അർഥസമ്പുഷ്ടമായ ഗാനങ്ങളും കവിതകളും രചിച്ച കടുകട്ടിയായ സംസ്കൃതത്തിൽ പാട്ടെഴുതാൻ ധൈര്യം കാണിച്ച ഒരേയൊരു മലയാള കവിയും യൂസഫലി തന്നെ.
യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം ‘സൈനബ’ എന്ന ഖണ്ഡകാവ്യമാണ്. അഞ്ചു കന്യകകൾ, സൂര്യഗർഭം, രാഘവീയം, ഓർമയ്ക്കു താലോലിക്കാൻ, നാദബ്രഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം, ആയിരം നാവുള്ള മൗനം, ഏറെ വിചിത്രമീ ജീവിതം എന്നീ കവിതാ സമാഹാരങ്ങളും രചിച്ചു.
നീലത്താമര, വനദേവത, മരം എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും രചിച്ചു.
നീലത്താമര, വനദേവത, മരം, സിന്ദൂരച്ചെപ്പ് എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ്, കവനകൗതുകം അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, രാമാശ്രമം അവാർഡ്, ചങ്ങമ്പുഴ അവാർഡ്, നാലപ്പാടൻ അവാർഡ്, വള്ളത്തോൾ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
2013-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. വയലാറിനും ഒ.എൻ.വിക്കും ശേഷം മികച്ച ഗാനരചനയ്ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിനു സമ്മാനിച്ചത് യൂസഫലി കേച്ചേരിയാണ്.