മലയാളത്തിന്റെ ഇതിഹാസ നോവലിസ്റ്റ് സി.വി.രാമൻ പിള്ളയുടെ 102-ാം ചരമവാര്‍ഷികം
മലയാളിയെ ഗാംഭീര്യമുള്ള വായനയിലേക്കു നയിച്ച
ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖനായിരുന്ന,കേരള സ്കോട്ട് എന്ന വിശേഷണമുള്ള, മാര്‍ത്താണ്ഡവര്‍മ്മ, രാമരാജാ ബഹദൂര്‍, ധര്‍മ്മരാജ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവായ സി.വി.രാമന്‍പിള്ള.നിർമലമായ പ്രണയം മലയാളം ആദ്യം കണ്ടതും സി.വി. സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെയാണ്. മാർത്താണ്ഡ വർമ്മയിലെ അനന്തപദ്മനാഭനും പാറുക്കുട്ടിയും മുതൽ വിശുദ്ധപ്രണയത്തിന്റെ ഉജ്ജ്വലമാതൃകകൾ ഒട്ടേറെയാണ്. 1858 മെയ് 19ന് തിരുവനന്തപുരത്ത് കൊച്ചുകണ്ണച്ചാര്‍ വീട്ടിലായിരുന്നു ജനനം. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ കണ്ണങ്കര പാർവതിപ്പിള്ള. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു.
തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി.വി.യുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നല്‍കിയത് രാജാകേശവദാസന്റെ ദൗഹിതീപുത്രനായ നങ്കക്കോയിക്കല്‍ കേശവന്‍തമ്പിയായിരുന്നു. 1881-ല്‍ ബി.എ പാസായി.ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാടു വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887-ല്‍ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടില്‍ ഭാഗീരഥിയമ്മ. ഇവര്‍ 1904-ല്‍ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകിയമ്മയെ വിവാഹം കഴിച്ചു. കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ചെറിയൊരു ജോലി കിട്ടിയതിനെ തുടര്‍ന്ന് നിയമപഠനത്തിനു ലോ കോളേജില്‍ ചേര്‍ന്നു. അതും പ്ലീഡര്‍ പരീക്ഷയും ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഹൈക്കോടതിയില്‍ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905ല്‍ ഗവണ്മെന്റ് പ്രസ്സില്‍ സൂപ്രണ്ടായി ജോലിയില്‍ നിന്നു വിരമിക്കുകയും ചെയ്തു. 1918ല്‍ സി.വി. തിരുവിതാംകൂര്‍ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അധ്യക്ഷനായി. പരീക്ഷാ ബോര്‍ഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവര്‍ത്തിച്ചു. ജന്മി-കുടിയാന്‍ പ്രശ്‌നം, വിവാഹ ബില്‍ എന്നിവയെപ്പറ്റി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാളി മെമ്മോറിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാര്‍ച്ച് 21-ന് അന്തരിച്ചു.
സി.വി. യുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍ എന്നീ നോവലുകളെ ചേര്‍ത്ത് സി.വി.യുടെ ചരിത്രാഖ്യായികകള്‍ എന്ന് വിശേഷിപ്പിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജാവാകുന്നതാണ് 1891ല്‍ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ധര്‍മ്മരാജയില്‍ രാജ്യദ്രോഹമാണ് മുഖ്യപ്രമേയം. മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരവനായ കാര്‍ത്തിക തിരുനാളിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണ് പ്രതിപാദ്യം. രാമരാജ ബഹദൂറിലും ഭരണാധിപന്‍ ധര്‍മ്മരാജാവുതന്നെ. രാജ്യത്തിനകത്തുനിന്നുള്ളതിനെക്കാള്‍ പുറത്ത് മൈസൂരില്‍ നിന്നാണ് ഇക്കാലയളവില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നത്. ഒടുവില്‍ രാജശക്തി തന്നെ ജയിക്കുന്നു.
ചന്ദ്രമുഖീ വിലാസം (1884, അപ്രകാശിതം), മത്ത വിലാസം (അപ്രകാശിതം), കുറുപ്പില്ലാക്കളരി (1909), തെന്തനാംകോട്ട്, ഹരിശ്ചന്ദ്രൻ (1914), ഡോക്ടർക്കു കിട്ടിയ മിച്ചം (1916), പണ്ടത്തെ പാച്ചൻ (1918)
കൈമളശ്ശന്റെ കടശ്ശിക്കളി (1915), ചെറുതേൻ കൊളംബസ് (1917), പാപി ചെല്ലണടം പാതാളം (1919), കുറുപ്പിന്റെ തിരിപ്പ് (1920), ബട്ട്ലർ പപ്പൻ (1921) മുതലായ ഹാസ്യ നാടകങ്ങളും പ്രഹസനങ്ങളും. വിദേശീയ മേധാവിത്വം (1922) എന്ന ലേഖനപരമ്പരയും അപൂർണ്ണ കൃതികളായ
ദിഷ്ടദംഷ്ട്രം (നോവൽ)
പ്രേമാരിഷ്ടം (ആത്മകഥ) എന്നീ കൃതികളും രചിച്ചിട്ടുണ്ട്.