1960-70 കാലഘട്ടത്തിൽ മലയാള സിനിമയില്‍ യേശുദാസിനോടൊപ്പം നിരവധി യുഗ്മഗാനങ്ങള്‍ പാടിയ ഗായികയാണ് ബി.വസന്ത. ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദി, തുളു, ബംഗാളി ഭാഷകളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1944 മാർച്ച് 20 ന് ആന്ധ്രയിലെ മസീലിപ്പട്ടം എന്ന സ്ഥലത്ത് ജനിച്ചു. സംഗീതജ്ഞൻ രാഘവാചാരിയിൽ നിന്നു ശാസ്ത്രീയസംഗീതവും അച്ഛൻ രവീന്ദ്രനാഥിൽ നിന്നു ലളിതസംഗീതവും അഭ്യസിച്ചു. കോളജില്‍ പഠിക്കുന്നതിനിടെ 1962 ല്‍ കഥ-സംഭാഷണ രചയിതാവായ പിംഗളി രാഘേന്ദ്രറാവു, സംവിധായകന്‍ കെ.വി.റെഡ്ഡി എന്നിവരുടെ ശുപാര്‍ശയെ തുടര്‍ന്ന് കവിയായ ആത്രേയ നിർമ്മിച്ച വാഗ്ദാനം എന്ന തെലുഗു ചുത്രത്തിൽ പെണ്ട്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തിൽ പാടി.
വസന്തയുടെ പാട്ട് റേഡിയോയില്‍ കേട്ട് ഇഷ്ടപ്പെട്ടാണ് സംവിധായകന്‍ ബി.എന്‍.റെഡ്ഡി അദ്ദേഹത്തിന്റെ ‘പൂജാപലഴു’ എന്ന ചിത്രത്തില്‍ വസന്തയെകൊണ്ട് പാടിച്ചത്. അങ്ങനെ നാലഞ്ചു തെലുങ്ക് പടങ്ങള്‍ കഴിഞ്ഞപ്പോഴാണ് വസന്ത യേശുനാഥര്‍ പേശിനാല്‍ അവര്‍ എന്ന പേശുവാര്‍…. എന്ന കണ്ണദാസന്റെ വരികള്‍ തായേ ഉനക്കാകേ എന്ന തമിഴു ചിത്രത്തിനുവേണ്ടി പാടിയത്. മനോരമ നായികയായി അഭിനയിച്ച ‘കൊഞ്ചും കുമരി'(1963) ആയിരുന്നു അടുത്ത ചിത്രം. അതില്‍ ആശെ വന്ത പിളൈള…. എന്ന ഗാനം പാടിയത് യേശുദാസിനൊപ്പമായിരുന്നു. യേശുദാസിന്റെ ആദ്യ തമിഴ് സിനിമയായിരുന്നു അത്. എന്നാല്‍ ആ പടം വിജയിച്ചില്ല അതുമാത്രമല്ല വസന്തയുടെ തമിഴ് ഉച്ചാരണത്തില്‍ തെലുങ്ക് ഛായയുണ്ടെന്നു ശ്രുതി പരന്നതോടെ തമിഴില്‍ ആ സമയം കൂടുതല്‍ പാട്ടുകള്‍ കിട്ടിയില്ലെങ്കിലും ഹമ്മിങ്ങിനായി പല സംഗീതസംവിധായകരും വിളിച്ചു. ഹമ്മിങ്ങ് റാണിയായി ആ രംഗത്തുമാറാനും വസന്തയ്ക്കു കഴിഞ്ഞു.
കെ.വി. മഹാദേവന്റെ അസിസ്റ്റായിരുന്ന പുകഴേന്തിയാണ് മലയാള സിനിമയ്ക്കു വസന്തയെ പരിചയപ്പെടുത്തിയത്. പുകഴേന്തി സംഗീത സംവിധാനം നിര്‍വഹിച്ച ‘മുതലാളി’ യില്‍ വസന്ത പാടിയ കണ്ണാന മുതലാളി….. എന്ന ഗാനം ഹിറ്റായതിനെ തുടര്‍ന്ന് പുകഴേന്തി, ദേവരാജൻ, ബാബുരാജ്, ചിദംബരനാഥ്, ആർ.കെ. ശേഖർ, എം.കെ. അർജ്ജുനൻ തുടങ്ങി അക്കാലത്തെ പ്രമുഖ സംഗീത സംവിധായകരുടെ നിരവധി ഗാനങ്ങള്‍ പാടാൻ വസന്തയ്ക്ക് അവസരം കിട്ടി. സോളോയേക്കാള്‍ യേശുദാസിനോടൊപ്പം പാടിയ വസന്തയുടെ യുഗ്മാനങ്ങളാണ് മലയാളത്തില്‍ ഹിറ്റുകളായത്.
നൂതനഗാനത്തില്‍…..(ആല്‍മരം)
യവനസുന്ദരി…..(പേള്‍വ്യൂ)
പുഷ്പഗന്ധി…(അഴകുള്ള സെലീന)
കന്യാദാനം…(ചീനവല) 🎸പണ്ടു നമ്മള്‍..(തറവാട്ടമ്മ)
വാര്‍തിങ്കള്‍ കണിവെയ്ക്കും…(വിദ്യാർത്ഥി)
ഭൂമിദേവി പുഷ്പിണിയായി.. ( തുലാഭാരം)
സ്വപ്‌ന സഞ്ചാരിണി…(കൂട്ടു കുടുംബം)
രാസലീലയ്ക്കു വൈകിയതെന്തേ..(ആഭിജാത്യം)
ചഞ്ചലിത ചഞ്ചലിത…(ധീരസമീരേ യമുനാതീരേ)
കക്കകൊണ്ട് കളിമണ്ണുകൊണ്ട്..(പൂച്ചക്കണ്ണി)
ചന്ദ്രനുദിക്കുന്ന ദിക്കില്‍…(ഒതേനന്റെ മകന്‍)
ചന്ദ്രപളുങ്കു മണിമാല…(കന്യാകുമാരി) തുടങ്ങിയ
നിരവധി യുഗ്മഗാനങ്ങളും മേലേ മാനത്തേ…(കൂട്ടുകുടുംബം)
തെക്കും കൂറടിയാത്തി…(അശ്വമേധം)
കന്യക മാതാവേ…(മാടത്തരുവി കൊലക്കേസ്)
താരകേശ്വരി നീ….(പട്ടാഭിഷേകം)
ഇന്നത്തെ രാത്രി ശിവരാത്രി…(വിലയ്ക്കു വാങ്ങിയ വീണ)
തുടങ്ങിയ സോളോകളും വസന്തയെ മലയാളത്തിന്റെ പ്രിയ ഗായികയാക്കി മാറ്റി. ഒരു തെലുഗു ചിത്രത്തിനും ഒരു കന്നട ചിത്രത്തിനും സംഗീത സംവിധാനവും നിർവഹിച്ചു. ഇളയരാജയുടെ ട്രൂപ്പുള്‍പ്പെടെ പല സംഗീത ഗ്രൂപ്പുകളിലും പങ്കെടുത്തിട്ടുള്ള വസന്ത ആയിരത്തിലേറെ സ്റ്റേജുകളില്‍ ഇന്ത്യക്കകത്തും പുറത്തും ഗാനമേളകളില്‍ പാടിയിട്ടുണ്ട്. തമിഴ്‌നാട് ,ആന്ധ്ര സര്‍ക്കാരുകൾ മികച്ച ഗായികയ്ക്കുള്ള പുരസ്കാരങ്ങൾ നല്‍കി ഈ കലാകാരിയെ ആദരിച്ചു.