സമൂഹ വിവാഹത്തില്‍ നിശ്ചയിച്ച വരന്‍ എത്താത്തതിനെത്തുടര്‍ന്ന് യുവതി സ്വന്തം സഹോദരനെ വിവാഹം ചെയ്തു. മുഖ്യമന്ത്രിയുടെ ധനസഹായ ഫണ്ടില്‍ നടത്തുന്ന സമൂഹ വിവാഹത്തിലാണ് സംഭവം. സമൂഹ വിവാഹ പദ്ധതിയില്‍നിന്നുള്ള ആനുകൂല്യം നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തില്‍ വ്യാജ വിവാഹം നടത്തിയത്.
വരന്‍ രമേഷ് യാദവിന് എത്താന്‍ കഴിയാതെ വന്നപ്പോഴാണ് പ്രീതി യാദവ് എന്ന യുവതിയെ ചില ഇടനിലക്കാര്‍ അവളുടെ സഹോദരന്‍ കൃഷ്ണയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് .
വിവാഹം കഴിച്ച യുവതിയും സമയത്ത് എത്താതിരുന്ന വരനും നേരത്തെ വിവാഹം കഴിച്ചവരാണ്. സമൂഹ വിവാഹത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ലഭിക്കുന്ന 51,000 രൂപ ധനഹായം ലഭിക്കുന്നതിനു വേണ്ടിയാണ് ഇവര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ഇതിനെ തുടർന്ന് വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുകയും വിവാഹം നടത്തുന്നതിന് മുമ്പ് രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികളെടുക്കുകയും ചെയ്തു.
സമൂഹ വിവാഹത്തില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് 51,000 രൂപയാണ് സർക്കാർ നല്‍കുന്നത്. വധുവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 35,000 രൂപ നല്‍കും. ദമ്പതികള്‍ക്ക് വിവാഹ സമ്മാനങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപയും 6000 രൂപ ചടങ്ങ് നടത്തുന്നതിനും നല്‍കും.
കഴിഞ്ഞ ജനുവരിയില്‍, സമാനമായ ഒരു തട്ടിപ്പ് ബല്ലിയയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ 240 ആളുകള്‍ പങ്കെടുത്തിരുന്നു.ആനുകൂല്യം കിട്ടുന്നതിനായി സ്ത്രീകള്‍ സ്വയം വിവാഹം കഴിക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ നവദമ്പതികളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്ന് തീരുമാനിച്ചിരുന്നു.