ഓർമയിലെ ഇന്ന്, മാർച്ച് – 19 : രഘുവരൻ

At Malayalam
2 Min Read



അതുല്യ നടൻ രഘുവരന്റെ 16-ാം ചരമവാർഷികം

വേറിട്ട ഭാവവും സംഭാഷണ രീതിയും ആകാരഭംഗിയും തൻ്റേതായ മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച
തമിഴ് സിനിമയിലെ അപൂർവ്വമായ താരത്തിളക്കമായിരുന്നു
രാധാകൃഷ്ണ വേലായുധ രഘുവരൻ അഥവാ ആർ.വി.രഘുവരൻ എന്ന രഘുവരൻ. വില്ലൻ വേഷങ്ങൾക്ക് തൻ്റെതായൊരു കയ്യൊപ്പ് നൽകി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് പ്രതിഭ തെളിയിച്ച രഘുവരൻ രൂപഭാവങ്ങൾ കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും വില്ലൻ വേഷങ്ങൾക്ക് പുതുമ പകർന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് താലൂക്കിൽ ചുങ്കമന്ദത്ത് വി. വേലായുധൻ നായരുടേയും എസ്.ആർ. കസ്തൂരിയുടേയും മകനായി 1958 ഡിസംബർ 11ന് രഘുവരൻ ജനിച്ചു.

1979 മുതൽ 1983 വരെ ‘ചെന്നൈ കിങ്സ്’ എന്ന നാടക സംഘത്തിൽ അംഗമായിരുന്ന രഘുവരൻ ‘ഒരു മനിതനിൻ കഥ’ എന്ന തമിഴ് സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. ‘കക്ക’യാണ് ആദ്യമായി അഭിനയിച്ച മലയാളസിനിമ. ‘ഏഴാവതു മനിതൻ’ ആണ്‌ തമിഴിലെ ആദ്യ ചിത്രം. ആദ്യകാലത്ത് മലയാളത്തിലുൾപ്പടെ ചില സിനിമകളില്‍ നായകനായെങ്കിലും വലിയ വിജയങ്ങൾ നേടിയില്ല. തുടർന്നാണ് വില്ലൻ–ക്യാരക്ടർ റോളുകളിൽ സജീവമായത്. ഇതിൽ ‘ബാഷ’യിലെ ആന്റണി, രഘുവരന്റെ എവർഗ്രീൻ ഹിറ്റുകളിലൊന്നായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 300ല്‍ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രഘുവരനിലെ നടനെ ഉപയോഗിക്കത്തക്ക കഥാപാത്രങ്ങൾ ഇവയിൽ വിരളമായിരുന്നു.

- Advertisement -

രഘുവരന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം എന്നു വിശേഷിപ്പിക്കാവുന്നതാണ് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികൾ’ എന്ന ചിത്രത്തിലെ ഫാ. അൽഫോൺസ്. ഈ വേഷത്തിനു മികച്ച നടനുള്ള കേരള സർ‍ക്കാറിന്റെ അവാർഡും അദ്ദേഹത്തിനു ലഭിച്ചു.‌

ദൈവത്തിൻ്റെ വികൃതികൾ, രുഗ്മ, നേതാവ്, ഊഹക്കച്ചവടം, വ്യൂഹം, കിഴക്കൻ പത്രോസ്, സൂര്യമാനസം, കവചം, അദ്ദേഹം എന്ന ഇദ്ദേഹം പീറ്റർ സ്കോട്ട്, മാന്ത്രികം, ഉല്ലാസപ്പൂങ്കാറ്റ്,
ഭസ്മാസുരൻ, മനിതൻ, മുത്തു, ശിവാജി, ഭീമ, ബാഷ, അമർക്കളം, ഉല്ലാസം, മുതൽവൻ, മജ്നു, റൺ, റെഡ് തുടങ്ങി വിവിധ ഭാഷകളിലായി 300-ലേറെ സിനിമകളിൽ വേഷമിട്ട രഘുവരൻ തുടക്കം എന്ന തമിഴ് സിനിമക്ക് വേണ്ടി മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമായും വേഷമിട്ടു. 1996 ൽ നടി രോഹിണി രഘുവരന്റെ ഭാര്യയായെങ്കിലും 2004 ൽ ഇവർ വേർപിരിഞ്ഞു. അവസാനകാലത്ത് മാരകമായ നിരവധി ആരോഗ്യ പ്രശ്നങ്ങളുമായി രഘുവരൻ ബുദ്ധിമുട്ടി. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും ചലച്ചിത്ര ജീവിതത്തിലും നിരവധി പാളിച്ചകൾ ഇക്കാലത്തുണ്ടായി. രോഹിണിയുമായുള്ള വിവാഹമോചനവും ബന്ധുക്കളിൽ നിന്നുള്ള അകൽച്ചയും അദ്ദേഹത്തെ അമിതമായ മദ്യപാനത്തിലേയ്ക്കും മയക്കുമരുന്ന് ഉപയോഗത്തിലേയ്ക്കും നയിച്ചു. 2008 മാർച്ച് 19-ന്‌ അന്തരിച്ചു. മരണ സമയത്ത് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന കന്തസാമി എന്ന ചിത്രത്തിലെ വേഷം, ആശിഷ് വിദ്യാർത്ഥിയാണ് തുടർന്ന് അഭിനയിച്ചു പൂർത്തിയാക്കിയത്.

Share This Article
Leave a comment