കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ കടുവ ഇറങ്ങി. പ്രദേശവാസികള്‍ കടുവയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതോടെ വനം വകുപ്പും സ്ഥിരീകരിച്ചു. അടയ്ക്കാത്തോട് ടൗണിലും ആറാം വാര്‍ഡിലും ഞായറാഴ്ച വൈകിട്ട് നാല് വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടാപ്പിങ്ങ് കഴിഞ്ഞു സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന കരിനാട്ട് ബോബി, ചവറയ്ക്കല്‍ ബാബു എന്നിവര്‍ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ കടുവയെ കണ്ടത്. റോഡ് മുറിച്ചുകടന്ന കടുവ റബര്‍ തോട്ടത്തിലേക്ക് പോവുകയായിരുന്നു.കടുവ അവിടെ തന്നെ നിന്നതോടെ ബോബി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഈ സമയത്ത് തന്നെ സ്‌കൂള്‍ വിട്ടു നടന്നു വരുകയായിരുന്ന നാല് വിദ്യാര്‍ഥികളും കടുവയുടെ മുന്നില്‍പെട്ടു. കടുവയെ കണ്ട് പേടിച്ച രണ്ട് വിദ്യാര്‍ഥികള്‍ ഓടി രക്ഷപെട്ടു.