ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ കോളജ് പരിപാടിയിൽ വിളിച്ചു വരുത്തി അപമാനിച്ചത് ശരിയല്ലന്ന് മന്ത്രി സജി ചെറിയാൻ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ് എന്നാണ് സജി ചെറിയാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കോളജിന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് തിരുത്തി കലാകാരനോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു.
മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്.- സജി ചെറിയാൻ കുറിച്ചു.കോളജ് ഡേ ആഘോഷത്തിന് വിളിച്ചുവരുത്തിയാണ് ഗായകനെ അധിക്ഷേപിച്ചത്. സ്റ്റേജിൽ എത്തിയ പ്രിൻസിപ്പൽ ജാസി ഗിഫ്റ്റിന്റെ കയ്യിലെ മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. പ്രിൻസിപ്പലിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങുകയായിരുന്നു. സംഭവം വലിയ ചർച്ചയായതോടെ നിരവധി പേരാണ് ജാസി ഗിഫ്റ്റിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.