ഇസ്രായേൽ അനുകൂല പ്രസ്താവന വന്നതിനു പിന്നാലെ ലോകവ്യാപകമായി ബഹിഷ്‌കരണം നേരിട്ട് മക്ഡൊണാൾഡ്സ്. മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ (700 കോടി) നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അറബ് മേഖലയിലും ഇസ്ലാമിക രാജ്യങ്ങളിലും ബഹിഷ്‌കരണ കാമ്പയിൻ വിനയായെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഇയാൻ ബോർഡൻ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു.
ബുധനാഴ്ചത്തെ ട്രേഡിങ്ങിൽ മക്ഡൊണാൾഡിന്റെ ഓഹരികൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. അഞ്ച് ആഴ്ചയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് കമ്പനി നേരിടുന്നതെന്ന് ജോർദാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ സ്റ്റോക്ക് 3.37 ശതമാനം അല്ലെങ്കിൽ 9.93 ഡോളർ ഇടിഞ്ഞ് 284.36 ഡോളറിലെത്തിയെന്നും ഇതോടെ കമ്പനിക്ക് 6.87 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ഇസ്രായേൽ അധിനിവേശ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലിലെ മക്‌ഡൊണാൾഡ് പ്രഖ്യാപിച്ചത് അറബ്, ഇസ്‌ലാമിക ലോകങ്ങളിലെ ഉപഭോക്താക്കളെ രോഷാകുലരാക്കിയിരുന്നു. ഈ ദേഷ്യം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അറബ് മേഖലയിലെ ചില മക്‌ഡൊണാൾഡ് ശാഖകൾ ഗസ്സ ദുരിതാശ്വാസത്തിനായി സംഭാവനകൾ പ്രഖ്യാപിച്ചു. എന്നാൽ ഇതൊന്നും ബഹിഷ്‌കരണം ഇല്ലാതാക്കാൻ മതിയാകില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.