തോട്ടിൽ യുവതിയുടെ മൃതദേഹം ; അടിമുടി ദുരൂഹത

At Malayalam
1 Min Read

കോഴിക്കോട് ജില്ലയിലെ നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ട് അര്‍ധനഗ്‌നമായ നിലയിലാണ് വാളൂര്‍ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാലുതെന്നി വെള്ളത്തില്‍ വീണതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും അനുവിൻ്റെ ബന്ധുവായ ദാമോദരന്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കു പോകാനായി വാളൂരിലെ സ്വന്തം വീട്ടില്‍ നിന്നിറങ്ങിയ അനുവിനെ കാണാതാവുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് പുല്ലരിയാനെത്തിയവര്‍ തോട്ടില്‍ മൃതദേഹം കണ്ടത്. തോടിനു സമീപത്തു നിന്ന് അനുവിന്റെ പഴ്‌സും മൊബൈല്‍ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.

ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. മുങ്ങി മരണമാണെന്നും ബലാത്സംഗ ശ്രമത്തിന്റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ കാലുതെന്നി വെള്ളത്തില്‍ വീണതാകാമെന്ന സാധ്യതയെ അനുവിന്റെ ബന്ധുക്കള്‍ പൂര്‍ണമായി തള്ളിക്കളയുന്നു. മുട്ടിനു താഴെ മാത്രമാണ് തോട്ടില്‍ വെള്ളമുണ്ടായിരുന്നത്. ദേഹത്തുണ്ടായിരുന്ന ചെയിനും പാദസരവുമടക്കമുള്ള ആഭരണങ്ങളെവിടെയെന്നതും ദുരൂഹത കൂട്ടുന്നു. അതിനാല്‍ മരണത്തിലെ ദുരൂഹത അകറ്റാന്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

- Advertisement -
Share This Article
Leave a comment