കരിയറിലെ നൂറാമത്തെ ടെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ സൂപ്പറാക്കി. നിര്‍ണായകമായ അഞ്ചു വിക്കറ്റുകള്‍ നേടി ടീമിനു ഇന്നിങ്‌സ് ജയം സമ്മാനിച്ചാണ് അശ്വിൻ ആഘോഷിച്ചത്.
തൻ്റെ നൂറാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി ക്രിക്കറ്റിലെ മൂന്ന് ഇതിഹാസ സ്പിന്നര്‍മാര്‍ക്കൊപ്പം ഇനി അശ്വിനും. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവര്‍ നേരത്തെ തങ്ങളുടെ നൂറാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു. സമാന നേട്ടത്തിലെത്തുന്ന താരമായി അശ്വിനും മാറി.
കരിയറില്‍ അശ്വിന്റെ മുപ്പത്തിയാറാമത്തെ അഞ്ചു വിക്കറ്റു നേട്ടമാണിത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡും സമീപ കാലത്ത് അശ്വിന്‍ നേടിയിരുന്നു. കുംബ്ലെയെയാണ് അശ്വിന്‍ ഇതിൽ പിന്നിലാക്കിയത്.
ടെസ്റ്റില്‍ ഏറ്റവും കുടുതല്‍ തവണ അഞ്ചു വിക്കറ്റുകളെന്ന നേട്ടത്തില്‍ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 67 തവണയാണ് മുരളീധരൻ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. വോണ്‍ 37 തവണ ഈ നേട്ടത്തിനുടമയായിട്ടുണ്ട്.
അശ്വിന്‍ 36 തവണ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോൾ റിച്ചാര്‍ഡ് ഹാഡ്‌ലിയുമായിട്ടാണ് അശ്വിന്‍ റെക്കോർഡ് പങ്കിടുന്നത്.