പ്രതിദിനം വിൽക്കുന്നത് 2 കോടി രൂപയുടെ കുപ്പിവെള്ളം

At Malayalam
1 Min Read

വേനൽചൂടിൽ സംസ്ഥാനം വെന്തുരുകുമ്പോൾ കേരളത്തിൽ പ്രതിദിനം വിൽക്കുന്നത് രണ്ടുകോടി രൂപയുടെ കുപ്പിവെള്ളം. ഒരു ദിവസം ശരാശരി 13 ലക്ഷം ലീറ്റർ കുപ്പിവെള്ളം വിറ്റുപോകുന്നുവെന്നാണ് കണക്ക്. ഏപ്രിൽ,മേയ് മാസങ്ങളിൽ ചൂട് കടുക്കുമെന്നതിനാൽ വിൽപന ഇനിയും ഉയരുമെന്നാണ് കുപ്പിവെള്ള കമ്പനികളുടെ കണക്കുക്കൂട്ടൽ. സംസ്ഥാനത്ത് 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വർഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വിൽക്കുന്നത്. കുപ്പിവെള്ള വിൽപനയുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഈ വർഷത്തെ വിൽപന റെക്കോർഡ് ഭേദിക്കും. വേനൽക്കാലത്ത് മാത്രം 200 കോടി രൂപയുടെ കച്ചവടം നടക്കുമെന്നാണ് കുപ്പിവെള്ള കമ്പനികൾ കണക്കുക്കൂട്ടുന്നത്.

വൻകിട കമ്പനികൾക്കു പുറമെ ചെറുകിട സംരംഭകരും സർക്കാരുമെല്ലാം കുപ്പിവെള്ള വിൽപന നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഉപയോഗം കൂടുതൽ. ട്രെയിനുകളിലും കച്ചവടം പൊടിപ്പൊടിക്കുന്നുണ്ട്. നിർമാണ തൊഴിലാളികൾക്ക് കുപ്പിവെള്ളമില്ലാതെ പറ്റില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. ആശുപത്രി പരിസരങ്ങളിലും കുപ്പിവെള്ള വിൽപന കൂടി. സീസണല്ലാത്ത ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച്​ വിൽപനയിൽ 50 ശതമാനത്തിന്‍റെ വർധനവാണ് ഇപ്പോഴുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ ബാറുകളിലും കടലോര പ്രദേശങ്ങളിലും മാത്രമാണ് വിൽപന കാര്യമായി നടക്കുന്നത്. 20 ലിറ്ററിന്റെ ജാറിനും ആവശ്യക്കാര്‍ കൂടുതലാണ്. എറണാകുളം ജില്ലയിലാണ് ജാര്‍ കൂടുതലായി വില്‍ക്കപ്പെടുന്നത്. എറണാകുളത്ത് മാത്രം ദിവസം 20,000 ലിറ്റര്‍ വെള്ളത്തിന്റെ ജാര്‍ വിൽപന നടക്കുന്നുണ്ട്.

Share This Article
Leave a comment