ഹൈദരബാദിൽ ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിനു നിര്‍ബന്ധിച്ച യുവതി അറസ്റ്റില്‍. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. തെലുങ്ക് ടി വി അവതാരകനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി യുവതി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്.
ഫെബ്രുവരി പത്തിന് ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാലാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. പ്രണവിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് ബോധ്യമായ യുവതി ഇക്കാര്യം യുവാവിനെ അറിയിച്ചു.
തുടര്‍ന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിനെതിരെ പ്രണവ് പരാതി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.ഇതിനു പിന്നാലെ പ്രണവിനോട് താത്പര്യം തോന്നിയ യുവതി ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ഇയാളെ ശല്യപ്പെടുത്തുന്നത് തുടരുകയും ചെയ്തു. പ്രണവ് താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തല്‍ തുടര്‍ന്നു. പ്രണവിനെ നിരീക്ഷിക്കുന്നതിനായി രഹസ്യമായി ജി പി എസും കാറില്‍ ഘടിപ്പിച്ചു.
ഫെബ്രുവരി പത്താം തീയതി ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ തൃഷയും ഗുണ്ടകളും ചേര്‍ന്ന് പ്രണവിനെ തട്ടിക്കൊണ്ടുപോയി അവളുടെ ഓഫീസിലെ മുറിയില്‍ പാര്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൃഷയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍ പോയ നാലു കൂട്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
