കാനഡയിലെ ഹഡ്സൺ ഉൾക്കടൽ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലം ധ്രുവക്കരടികൾ പട്ടിണിയുടെ ഭീഷണിയിൽ. ആർട്ടിക് മേഖലയിൽ താപനില ഉയരുന്നതിനാൽ കടലിലെ മഞ്ഞ് പാളികൾ വ്യാപകമായി അപ്രത്യക്ഷമാകുന്നു.സീലുകൾ അടക്കമുള്ള ഇരകളെ വേട്ടയാടാൻ ധ്രുവക്കരടികളെ സഹായിക്കുന്നത് മഞ്ഞു പാളികളാണ്.
ഇവ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നത് ധ്രുവക്കരടികളുടെ ഇരപിടുത്തത്തെ പ്രതികൂലമായി ബാധിച്ചു. സീലുകളുടെ എണ്ണവും മേഖലയിൽ കുറയുന്നെന്നാണ് കണ്ടെത്തൽ. വംശനാശ ഭീഷണി നേരിടുന്ന ജീവികളിലൊന്നാണ് ധ്രുവക്കരടി.സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ലോകത്തെ 25,000 ധ്രുവക്കരടികളുടെ ജീവൻ കാലാവസ്ഥാ വ്യതിയാനം മൂലം അപകടത്തിലാണ്. ധ്രുവക്കരടികളെ നിലനിറുത്താൻ മഞ്ഞുപാളികൾ അപ്രത്യക്ഷമാകുന്നത് തടയുകയല്ലാതെ മറ്റ് പ്രതിവിധികളില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.