കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി ജെ ജോസഫ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ലോക്‌സഭയിലേക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് നാലു പതിറ്റാണ്ടിനു ശേഷമാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ് ഫ്രാൻസിസ്. 1980 ലാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സിറ്റിങ്ങ് എംപി ജോർജ് ജെ മാത്യുവിനെ ഇറക്കി കേരള കോണ്‍ഗ്രസ് എം വിജയം നേടിയിരുന്നു.
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കിയില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ രണ്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം നേതാവും നിലവിലെ എം പിയുമായ തോമസ് ചാഴിക്കാടനെ തന്നെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്.
തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.