വയനാട് കാട്ടിക്കുളത്ത് ബേലൂർ മഖ്‌നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും നടപ്പായില്ല. മണ്ണുണ്ടി കോളനിയുടെ അഞ്ചു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ തുടരുകയാണ് കാട്ടാന . അടിക്കാട് നിറഞ്ഞ പ്രദേശമായതിനാണ് ദൗത്യം സങ്കീർണ്ണം ആകുന്നത്.
ഇന്ന് രണ്ടുതവണ ആനയെ ദൗത്യ സംഘം നേരിൽ കണ്ടു. കുങ്കിയാനകളുമായി ചെല്ലുമ്പോൾ ആന ദിശ മാറി സഞ്ചരിക്കുന്ന സ്ഥിതി . വൈകിട്ട് 4.15ന് അടുത്ത് കിട്ടിയപ്പോൾ മയക്കു വെടിവച്ചു. പക്ഷേ അടിക്കാട് ചതിച്ചു. മാനന്തവാടി മൈസൂർ റോഡ് വഴിയെത്തിച്ച് മയക്കുവെടി വെക്കാനും ശ്രമം ഉണ്ടായി. അതും വിജയം കണ്ടില്ല. ഇരുൾ വീണപ്പോൾ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു.നാളെ പുലർച്ചെ മുതൽ ആനയെ പിടികൂടാനുള്ള ശ്രമം തുടരും.