രാജ്യത്ത് ഏറ്റവുമധികം പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനമെന്ന നേട്ടം കേരളത്തിന്. ഉത്തർപ്രദേശ് പോലെയുള്ള വലിയ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. നിലവിൽ കേരളത്തിൽ 99 ലക്ഷത്തിലേറെ പാസ്പോർട്ട് ഉടമകളുണ്ട്. നാല് കോടിയാണ് കേരളത്തിലെ ജനസംഖ്യ.
അതേസമയം 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 88 ലക്ഷം പേർക്കാണ് പാസ്പോർട്ടുള്ളത്. 13 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയിൽ 98 ലക്ഷം പേർക്ക് പാസ്പോർട്ടുണ്ട്. കേരളത്തിന് പിന്നിൽ രണ്ടാമതാണ് മഹാരാഷ്ട്ര. അമേരിക്ക പോലെയുള്ള രാജ്യങ്ങളിലേക്ക് ഏറ്റവുമധികം പേർ കുടിയേറുന്ന പഞ്ചാബിൽ 70.14 ലക്ഷം പാസ്പോർട്ട് ഉടമകളാണുള്ളത്.
ഏറ്റവും കൂടുതൽ വനിതാ പാസ്പോർട്ടുള്ള സംസ്ഥാനവും കേരളമാണ്. കേരളത്തിലെ ആകെ പാസ്പോർട്ട് ഉടമകളായ 99 ലക്ഷം പേരിൽ 42 ലക്ഷവും സ്ത്രീകളാണ്. മഹാരാഷ്ട്രയിൽ 40.8 ലക്ഷം സ്ത്രീ പാസ്പോർട്ട് ഉടമകളാണുള്ളത്. അതേസമയം ഉത്തർപ്രദേശിൽ പാസ്പോർട്ട് ഉടമകളിൽ 80 ശതമാനത്തിൽ കൂടുതലും പുരുഷൻമാരാണ്. 17.3 ലക്ഷം വനിതകൾക്ക് മാത്രമാണ് അവിടെ പാസ്പോർട്ടുള്ളത്.
അടുത്ത കാലത്തായി കേരളത്തിൽ പുതിയ പാസ്പോർട്ട് എടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ട്. 2023ൽ 15.5 ലക്ഷത്തിലേറെ പുതിയ പാസ്പോർട്ടുകളാണ് കേരളത്തിൽ വിതരണം ചെയ്തത്. ഇതിലും രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. കഴിഞ്ഞ വർഷം 15.1 ലക്ഷം പേർക്കാണ് അവിടെ പുതിയതായി പാസ്പോർട്ട് ലഭിച്ചത്.
