യാത്രയ്ക്കിടയിൽ ലഗേജുകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സാധാരണമാണ്. ഇത്തരത്തിലുള്ള ലഗേജുകള്‍ ഒരു നിശ്ചിത കാലയളവ് വരെ എയർപോർട്ടുകളില്‍ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ ദുബായ് കേന്ദ്രീകരിച്ച് ഇത്തരം ലഗേജുകളുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പ് സംഘം രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.
ഇത്തരം ഉടമസ്ഥരില്ലാത്ത ലഗേജുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഏത് ലഗേജ് എടുത്താലും എട്ട് യു എ ഇ ദിർഹം മാത്രം നൽകിയാൽ മതി എന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള അറിയിപ്പ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വിമാനത്താവള അധികൃതർ രംഗത്തെത്തി.
ലഗേജുകളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ഒരു നടപടിയും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ദുബായ് വിമാനത്താവള അധികൃതർ അറിയിപ്പ് നൽകുന്നത്. ഞങ്ങള്‍ ഇവിടെയുള്ളത് ടേക്ക് ഓഫുകള്‍ നടത്താനാണ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ യാത്രക്കാർ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും അറിയിപ്പിലുണ്ട്.