വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ വ്യോമാക്രമത്തിന് പ്രത്യാക്രമണവുമായി അമേരിക്ക. ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി.
ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്ക വ്യക്തമാക്കി.
വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. “ഞങ്ങളുടെ പ്രതികരണം ഇന്ന് തുടങ്ങി. ഞങ്ങൾ തെരഞ്ഞെടുക്കുന്ന സമയങ്ങളിലും സ്ഥലങ്ങളിലും ഇത് തുടരും,” യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
‘‘മിഡിൽ ഈസ്റ്റിലോ, ലോകത്തെ മറ്റെവിടെയെങ്കിലുമോ അമേരിക്ക സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങളെ ദ്രോഹിക്കാൻ ശ്രമിക്കുന്ന എല്ലാവരും ഇത് അറിയട്ടെ. നിങ്ങൾ ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാൽ ഞങ്ങൾ പ്രതികരിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു.വടക്കൻ ജോർദാനിലെ സൈനിക ക്യാംപിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് യു എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറിയ അതിർത്തിക്കു സമീപം റുക്ബാനിലെ ടവർ 22 യു എസ് സൈനിക ക്യാംപിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയതെന്നായിരുന്നു സംഭവത്തിൽ യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. എന്നാൽ, സംഭവത്തിൽ തങ്ങൾക്ക് പങ്കാളിത്തമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സേനാ താവളം ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയതിനെ അതീവ ഗൗരവത്തോടെയാണ് യു എസ് കാണുന്നത്. ജോർദാനിൽ മൂവായിരത്തോളം യു എസ് സൈനികരാണുള്ളത്.