പാരച്യൂട്ട് പാരയായി ഡൈവർക്ക് ജീവഹാനി

At Malayalam
2 Min Read

ചാട്ടത്തിനിടയിൽ പാരച്യൂട്ട് പ്രവർത്തന രഹിതമായതിനെ തുടർന്ന് സ്കൈ ഡൈവ‌ർക്ക് ദാരുണാന്ത്യം. ബ്രിട്ടീഷ് ബേസ് ജമ്പറായ നതി ഓഡിൻസൺ (33) ആണ് മരിച്ചത്. തായ്‌ലൻഡിലെ പട്ടായയിൽ 29 നിലകളുള്ള അപ്പാർട്ട്‌മെന്റ് ബ്ലോക്കിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പാരച്യൂട്ട് പ്രവർത്തിച്ചില്ല. തുടർന്ന് നിലത്തേക്ക് പതിച്ച ഇയാൾ തൽക്ഷണം മരിച്ചു. കേംബ്രിഡ്ജ്ഷെയറിലെ ഹണ്ടിംഗ്ഡൺ സ്വദേശിയാണ് നാതി.

പൊലീസ് റിപ്പോ‌ട്ട് അനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച പട്ടായയിലെ 29 നിലകളുള്ള തീരദേശ റിസോർട്ടിൽ നാതി അനധികൃതമായി കയറുകയായിരുന്നു. കാർ കോമ്പൗണ്ടിന് പുറത്ത് പാർക്ക് ചെയ്ത ശേഷം നാതി റിസോർട്ടിനുള്ളിൽ നുഴഞ്ഞുകയറി. രംഗങ്ങൾ ചിത്രീകരിക്കാനായി കെട്ടിടത്തിനു പുറത്ത് ഇയാൾ സുഹൃത്തിനെ നിർത്തിയിരുന്നു. ഇതിനു പിന്നാലെ നാതി കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെത്തി. കൗണ്ട് ഡൗണിന് ശേഷം ചാടിയ നാതിയുടെ കൈവശമുണ്ടായിരുന്ന പാരച്യൂട്ട് പ്രവർത്തിച്ചുമില്ല. പാരച്യൂട്ട് തുറക്കാതായതോടെ ഇയാൾ മരത്തിൽ ഇടിച്ച് നിലത്ത് വീണു. ഉടൻ തന്നെ നാതിയുടെ സുഹൃത്ത് പാട്ടായ പൊലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കുകൾ സാരമായി പരിക്കേറ്റ നാതി തൽക്ഷണം മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

നാതി മുമ്പ് പലവട്ടം ഇതേ കെട്ടിടത്തില്‍ നിന്ന് ആകാശച്ചാട്ടം നടത്തിയെന്നാണ് റിപ്പോർട്ട്. ചാടുന്ന വീഡിയോ പകർത്തിയ സുഹൃത്തിനെ ചോദ്യം ചെയ്യുകയും വീഡിയോ തെളിവിനായി പരിശോധിക്കുകയും ചെയ്തതായി ബാംഗ് ലാമുങ് ജില്ലാ പൊലീസ് പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥരും പൊലീസും കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

പരിചയസമ്പന്നനായിരുന്നു നാതി. തന്റെ സാഹസികതകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നാതീസ് സ്കൈ ഫോട്ടോഗ്രഫി’ എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലാണ് ഇയാൾ തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരുന്നത്. കൂടാതെ സ്വന്തമായി ഒരു സ്കൈ ഫോട്ടോഗ്രാഫി കമ്പനിയും നടത്തുന്നു. വിമാനത്തിൽ നിന്ന് ചാടുന്നതിന് പകരം കെട്ടിടങ്ങൾ മലകൾ പോലുള്ള നിശ്ചലമായ പ്രതലങ്ങളുടെ മുകളിൽ നിന്നുള്ള ചാട്ടമാണ് ബേസ് ജമ്പിംഗ്. ഇങ്ങനെ ചാടുന്നവർക്ക് ഉപരിതലത്തിൽ എത്തുന്നതിനു മുമ്പ് പാരച്യൂട്ട് തുറക്കാൻ നിമിഷങ്ങൾ മാത്രമേ കിട്ടുകയുള്ളു. അതുകൊണ്ടു തന്നെ അത്യന്തം അപകടകരമായ ഡൈവാണ് ബേസ് ജമ്പിങ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment