ഡൽഹിയിൽ വീടിന് തീപിടിച്ച് ആറ് മരണം. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പീതംപുരയിലാണ് അപകടം. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന്, ഒന്നാം നിലയ്ക്ക് മുകളിലുള്ള മൂന്ന് നിലകളിലേക്കും തീ പടരുകയായിരുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
ഏഴ് ഫയർ യൂണിറ്റുകൾ ചേർന്ന് മണിക്കൂറുകൾ നീണ്ടുള്ള ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഏഴ് പേരെ അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് നിന്നും പൊലീസിന്റെ സഹായത്തോടെ രക്ഷിച്ചു. ഇതിൽ ആറ് പേരും ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നുവെന്ന് ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
