ഏറ്റവും പഴക്കമേറിയതും ദൂരെയുള്ളതുമായ തമോഗർത്തത്തെ ( ബ്ലാക്ക് ഹോൾ ) കണ്ടെത്തി ശാസ്ത്രലോകം. പ്രപഞ്ചത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉടലെടുത്തതെന്ന് കരുതുന്ന തമോഗർത്തത്തെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലെ ഗവേഷക സംഘം ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് വഴിയാണ് കണ്ടെത്തിയത്.

മഹാവിസ്ഫോടനത്തിന് ഏതാണ്ട് 40 കോടി വർഷങ്ങൾക്ക് ശേഷമാണ് ഈ തമോഗർത്തം രൂപംകൊണ്ടതെന്ന് കരുതുന്നു. ഈ തമോഗർത്തം അത് നിലകൊള്ളുന്ന സ്വന്തം ഗാലക്സിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതായാണ് കണ്ടെത്തൽ. നമ്മുടെ സൂര്യനേക്കാൾ 60 ലക്ഷത്തോളം മടങ്ങ് വലിപ്പമുണ്ട് ഇതിന്.ആദിമ പ്രപഞ്ചത്തിൽ ഇത്രയും വലിയ തമോഗർത്തം നിലനിന്നിരുന്നു എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു.

ഭൂമി ഉൾപ്പെടുന്ന ആകാശ ഗംഗയടക്കമുള്ള ഗാലക്സികളിൽ കണ്ടെത്തിയിട്ടുള്ള തമോഗർത്തങ്ങൾ നൂറു കോടിയിലേറെ വർഷങ്ങളെടുത്താണ് ഇന്നത്തെ വലിപ്പത്തിലെത്തിയതെന്നാണ് പഠനങ്ങൾ.1380 കോടി വർഷങ്ങൾക്ക് മുമ്പാണ് ആദിമ നക്ഷത്രങ്ങളും ഗാലക്സികളും രൂപപ്പെട്ട പ്രപഞ്ചോൽപത്തിയ്ക്ക് കാരണമായ മഹാവിസ്ഫോടനമുണ്ടായത്. ഇല്ലാതാകുന്ന ചില ഭീമൻ നക്ഷത്രങ്ങളിൽ നിന്നാണ് തമോഗർത്തങ്ങൾ ഉടലെടുക്കുന്നത്.
