ജോലിക്കും പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഉൾപ്പടെ വിവിധ മത്സര പരീക്ഷകൾക്കായുള്ള പരിശീലന സ്ഥാപനങ്ങളിൽ പതിനാറ് വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. മികച്ച മാർക്ക്, റാങ്ക് എന്നിങ്ങനെ തെറ്റായ വാഗ്‌ദാനങ്ങൾ നൽകി കുട്ടികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കരുതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. കോച്ചിങ് സെന്ററുകളിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചും മതിയായ സൗകര്യങ്ങൾ ഇവർക്ക് ഏർപ്പെടുത്താത്തതിനെക്കുറിച്ചുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
പരിശീലന സ്ഥാപനങ്ങൾ സ്വീകരിക്കുന്ന അധ്യയന രീതിയെക്കുറിച്ചും പരാതികളുയർന്നിട്ടുണ്ട്. ബിരുദത്തിൽ കുറഞ്ഞ യോഗ്യത ഉള്ളവരെ ഇത്തരം പരിശീലന സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ നിയോഗിക്കരുത്. പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമേ ഇത്തരം സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാവൂ എന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമായി പറയുന്നു. സദാചാര വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പരിശീലന സ്ഥാപനങ്ങളിൽ അധ്യാപകരായി നിയോഗിക്കരുത്. കൗൺസിലിംഗ് സംവിധാനമില്ലാത്ത പരിശീലന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകില്ല.
പരിശീലന സ്ഥാപനങ്ങൾക്ക് നിശ്ചയമായും വെബ്സൈറ്റ് ഉണ്ടായിരിക്കണം. ഇതിൽ കോഴ്സ്, പാഠ്യപദ്ധതി, പരിശീലന കാലയളവ്, ഹോസ്റ്റൽ സൗകര്യങ്ങൾ, ഫീസ്, അധ്യാപകർ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകിയിരിക്കണം. കഠിനമായ മത്സരം, അക്കാദമിക സമ്മർദ്ദങ്ങൾ എന്നിവ കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തിന് പരിശീലന സ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണം. കുട്ടികളിൽ സമ്മർദ്ദമുണ്ടാക്കാതെ ക്ലാസുകൾ കൈകാര്യം ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
